പുസ്തകപ്പുര വളർത്തിയ വായനലഹരി

വായനാ ലഹരി പുസ്തകത്തിന്റെ കവർ
തൃശൂർ
കുട്ടികൾക്കിടയിൽ വായനലഹരി പടർത്തിയ പുസ്തകപ്പുരയിലെ വായനക്കാരുടെ രചനകൾ പുസ്തകമായി പുറത്തിറങ്ങി. കുട്ടികളെ വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലയിലാരംഭിച്ച പുസ്തകപ്പുര പദ്ധതിയിലെ രചനകളാണ് ‘വായനാലഹരി’ എന്ന പേരിൽ പുറത്തിറങ്ങിയത്. പുസ്തകപ്പുര വാട്സാപ് ഗ്രൂപ്പിൽ കുട്ടികൾ പങ്കുവച്ച 258 കുറിപ്പുകളിൽനിന്ന് തെരഞ്ഞെടുത്ത 40 കുറിപ്പുകളാണ് വായനലഹരിയിലുള്ളത്. കുട്ടികൾക്കിടയിൽ വായനശീലം വളർത്തുന്നതിന് തൃശൂർ ജില്ലയിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് പുസ്തകപ്പുര. അഭിമുഖം വഴി വായന അഭിരുചി മനസ്സിലാക്കിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ജില്ലയിലെ 90 ശതമാനം പഞ്ചായത്തുകളിലും പുസ്തകപ്പുര അംഗങ്ങളുണ്ട്. തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 50 പുസ്തകം സൗജന്യമായി നൽകും.അഞ്ചു ഘട്ടമായാണ് പുസ്തകം നൽകുക. ഓരോ ഘട്ടത്തിലും നൽകുന്ന 10 പുസ്തകങ്ങൾ വായിച്ച് കുറിപ്പു നൽകണം. എന്നാലേ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാനാവൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽവച്ചു നടന്ന പുസ്തക വിതരണങ്ങളിൽ എഴുത്തുകാർ, മന്ത്രിമാർ, സാംസ്കാരിക പ്രവർത്തകർ അധ്യാപകർ എന്നിവർ പങ്കെടുത്തു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എൻ ആർ ഗ്രാമപ്രകാശ് ചെയർമാനായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വായനയെ സ്നേഹിക്കുന്ന നിരവധി പേരാണ് പുസ്തകങ്ങൾ നൽകാൻ സഹായിക്കുന്നത്. വീടുകളിൽ ഒരു കൊച്ചു വായനശാലയുടെ പ്രവർത്തനമാണ് സങ്കല്പം. കുട്ടികൾ വീട്ടിൽ പുസ്തകങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കുകയും വായിക്കാൻ താല്പര്യമുള്ളവർക്കു നൽകി തിരിച്ചു വാങ്ങുകയും ചെയ്യുന്നു. വായനശീലമുള്ള കുട്ടികൾക്കു ഗ്രേസ് മാർക്ക് നൽകുകയെന്ന ആവശ്യം വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പുസ്തകപ്പുര ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments