വായന ശീലമാക്കാൻ "അക്ഷരോന്നതി'

തൃശൂര്‍
ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ വായന സംസ്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ‘അക്ഷരോന്നതി’ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് ഉന്നതികളിലും പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമാണ് പദ്ധതി. കുട്ടികൾക്ക് നിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈബ്രറികൾ, പ്രാദേശിക തല കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ച് പുസ്തകങ്ങൾ ശേഖരിക്കുകയും നിലവാരം ഉറപ്പാക്കി എസ് സി, എസ്ടി ഉന്നതികളിൽ ഉള്ള ലൈബ്രറികൾ, പഠനമുറികൾ, ഹോസ്റ്റലുകൾ, പകൽ വീടുകൾ, സ്കൂളുകൾ, പഞ്ചായത്ത്-, ബ്ലോക്ക് ലൈബ്രറികൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്ത് പ്രാദേശിക തലത്തിൽ വായനയ്ക്ക് സൗകര്യമൊരുക്കും. കലക്ടറേറ്റ് വിസി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. എഡിഎം ടി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ഡി സാജു തുടങ്ങിയവർ പങ്കെടുത്തു.









0 comments