പുലി ഇറക്കത്തിൽ മീനിറക്കം

തൃശൂർ
രൗദ്രതാളത്തിനൊത്ത് ചുവടുവയ്‌ക്കുന്ന പുലികളി സംഘത്തിനൊപ്പം റോഡിലൂടെ മീനും ഇഴഞ്ഞ് നീങ്ങും. പുലികളി കാണാനെത്തുന്നവരെ ഞെട്ടിക്കുന്ന പുലി മീനാണ് ഇത്തവണത്തെ സസ്‌പെൻസുകളിൽ ഒന്ന്. പുലികളി സംഘത്തിനൊപ്പം സഞ്ചരിക്കുന്ന പുലി വണ്ടിയിലാണ് പുത്തൻ പരീക്ഷണം. മീനിന്റെ ചെകിള ഇളകും, വാൽ ആടും, കണ്ണിൽ വെളിച്ചം തെളിയും. ഇങ്ങനെ പുലി വണ്ടിയുടെ തനത് രീതികളിൽ നിന്ന് പുത്തൻ അധ്യായം തുറക്കുകയാണ്. വാഹനത്തിനു പുറത്ത് മീനിന്റെ ആകൃതിയിൽ ഇരുമ്പ് ചട്ടക്കൂട് നിർമിച്ചാണ് മീൻപുലിയെ നിർമിച്ചത്.
ഇതിനു പുറത്ത് പോളിഫോം പൊതിഞ്ഞു. വാഹനത്തിന്റെ മുൻവശം മീനിനെ പോലെയാണ്. ഇതിന്റെ നാവിൽ ഒരു കുട്ടിപ്പുലി ഇരിക്കും. മീൻപുറത്തുമുണ്ടാകും പുലി. പുലിയോട് സാദൃശ്യം തോന്നാൻ സ്വർണ, വെള്ള നിറത്തിലുള്ള തുണിയാണ് ഉപയോഗിച്ചിട്ടുള്ളത്. അയ്യന്തോൾ ദേശത്തിനായി ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലാണ് മീനിന്റെ ആകൃതിയിൽ ‘പുലിമീൻ വണ്ടി’ ഒരുക്കിയത്. ഒന്നര മാസത്തോളം എടുത്താണ് 50 അടി നീളത്തിലുള്ള ഇൗ പുലിമീനെ ഒരുക്കിയത്. എഐയുടെ കാലത്തിനു അനുസരിച്ചുള്ള പരീക്ഷണം പുലികളിൽ നടത്താമെന്ന ചിന്തയിൽ നിന്നാണ് പുലിമീൻ വണ്ടി ഒരുക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. പുലികളിയിൽ മത്സരം നടക്കുന്നത് പോലെ വരും കാലത്ത് പുലിവണ്ടിയിലും മത്സരങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.









0 comments