ജോണ്‍സണെത്തി; ജീവന്‍ രക്ഷിച്ച നന്മയ്​ക്ക് നന്ദി പറയാന്‍

മണ്ണുത്തി സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം ജോൺസൻ

മണ്ണുത്തി സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം ജോൺസൻ

വെബ് ഡെസ്ക്

Published on Jul 23, 2025, 12:15 AM | 1 min read

തൃശൂര്‍

ജോണ്‍സണ്‍ മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തി ജീവന്‍ രക്ഷിച്ച നന്മയ്ക്ക് നന്ദിപറയാന്‍. ഞായറാഴ്ച വൈകിട്ടാണ് ജോണ്‍സണും മകളും പേരക്കുട്ടിയും മകളുടെ പറവട്ടാനിയിലെ വീട്ടില്‍ നിന്ന് മുളയം റോഡിലെ വീട്ടിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടത്. യാത്രയ്ക്കിടെ ജോണ്‍സണ്​ നെഞ്ചുവേദന അനുഭവപ്പെട്ടു. ഓട്ടോയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. പിന്നീട് അപസ്​മാര ലക്ഷണങ്ങളോടെ രക്തം ഛര്‍ദ്ദിക്കാനും തുടങ്ങി. മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ ആംബലുന്‍സ് സൗകര്യമുണ്ടെന്ന് മനസ്സിലാക്കിയ ഓട്ടോ ഡ്രൈവര്‍ ഉടന്‍ ജോണ്‍സണെ സ്റ്റേഷനിലെത്തിച്ചു. ഇൻസ്പെക്ടർ ബൈജു ഉടൻതന്നെ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈൻ, കിരൺ എന്നിവരോട് ആംബുലൻസിൽ ജോണ്‍സണെ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു. ജോണ്‍സണ്​ ചലനമില്ലെന്ന് കണ്ട് പൊലീസുകാര്‍ ആശുപത്രിയിലെത്തും വരെ സിപിആര്‍ നല്‍കി. നഴ്സായ മകളും പൊലീസുകാരെ സഹായിച്ചു. തുടർന്ന്​ ജോണ്‍സണെ ഐ‌സിയുവില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽനിന്ന്​​ ശേഷം വീട്ടിലെത്തിയ ജോണ്‍സണോട് മകളാണ് കുഴഞ്ഞുവീണതിനുശേഷമുള്ള സംഭവങ്ങളെല്ലാം വിവരിച്ചത്. അതോടെ തന്റെ ജീവന്‍ രക്ഷിച്ച മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ നല്ല മനുഷ്യരെ കാണണമെന്നായി ജോണ്‍സണ്‍. തുടര്‍ന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ജോണ്‍സണ്‍ നന്ദി അറിയിച്ചു. ആംബുലൻസിനു സമീപം നിന്ന് നിറഞ്ഞ ചിരിയോടെ ഫോട്ടോ എടുക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home