പുളിയിലക്കരയോലും പുടവചുറ്റി...

ജിബിന സാഗരന്
Published on Aug 23, 2025, 12:17 AM | 1 min read
തൃശൂര്‍: ഇത്തവണത്തെ ഓണം ട്രെൻഡിൽ മുന്നിൽ പുളിയിലക്കര, കട്ടിക്കര സെറ്റും മുണ്ടും സാരികളുമാണ്. വിഷുവിന് ട്രെൻഡായ മൽ മൽ കോട്ടൺ സാരി ഓണക്കാലത്തും സൂപ്പർഹിറ്റാണ്. സിംപിൾ ലുക്കിൽ എലിഗന്റായി തിളങ്ങാമെന്നതാണ് ഇവ മൂന്നിന്റെയും പ്രത്യേകത.
കാൽ ഇഞ്ച്, അര ഇഞ്ച്, ഒരിഞ്ച് എന്നീ വലുപ്പത്തിലുള്ള കരകളോടെയാണ് പുളിയിലക്കര ലഭിക്കുന്നത്. കറുപ്പ്, പച്ച, കടും നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കരയ്ക്കാണ് കൂടുതൽ ഡിമാൻഡ്. റെഡി ടു വിയറായും പുളിയിലക്കരയുടെ സെറ്റും മുണ്ടും സാരിയും ലഭിക്കും.
കരയോട് ചേർന്ന് സ്വർണ നിറത്തിലും വെള്ള നിറത്തിലും ചെമ്പ് നിറത്തിലും കസവുള്ള പുളിയിലക്കര സാരികൾക്കും ആവശ്യക്കാരേറെയാണ്. കരയോട് ചേർന്ന് ടെമ്പിൾ, പൂക്കൾ തുടങ്ങി വിവിധ ഡിസൈനുകളിലുള്ള പ്രിന്റ് പുളിയിലക്കര സാരികളും ലഭ്യമാണ്.
സിംപിൾ ലുക്കിൽ തിളങ്ങാമെന്നതിനാൽ പുതുതലമുറ മുതൽ പഴയ തലമുറക്കാർ വരെ പുളിയിലക്കരയെ ഓണത്തിനണിയാൻ വാങ്ങിക്കഴിഞ്ഞു. കട്ടിക്കരയ്ക്കും പുളിയിലക്കരയുടേതിന് സമാനമായ ഡിമാൻഡുണ്ട്. പ്രായമായവർക്ക് കട്ടിക്കര സെറ്റ് മുണ്ട് ഗൃഹാതുരത്വമാണ്. ജെൻ സീ പിള്ളേർക്കാവട്ടെ ശ്രദ്ധിക്കപ്പെടുന്ന പുത്തൻ ട്രെൻഡും.
ഭാരം കുറഞ്ഞതും ഉടുക്കാൻ എളുപ്പമുള്ളതും സിംപിൾ ആൻഡ് ഡിഫ്രന്റ് ലുക്ക് തരുന്നതാണ് മൽ മൽ കോട്ടൺ. വടക്കേ ഇന്ത്യയിൽ നിന്നാണ് ഇതിന്റെ വരവ്. സെറ്റ് സാരിയോട് സമാനമായ ഈ സാരികൾ വിവിധ നിറങ്ങളിൽ ലഭ്യമാണ്.
ഹാൻഡ്സ് ഫ്രീ സാരി
ജെൻ സി ക്കാരിൽ ഒരു വിഭാഗം ഹാൻഡ്സ് ഫ്രീ സാരികളാണ് പരിഗണിക്കുന്നത്. എളുപ്പത്തിൽ ധരിക്കാനാവുന്നതും കൊണ്ടു നടക്കാനാവുന്നതുമാണിവ. പല്ലുവിന്റെ ഭാഗത്ത് ഇലാസ്റ്റിക് ഫിറ്റുള്ള ഹോൾ സാരിയാണിത്.
സാറ്റിൻ, സിൽക് ഫാബ്രിക്കുകളിലാണ് ഇത്തരം സാരികൾ ഡിസൈൻ ചെയ്യുക. പല്ലുവിലെ ഹോളിലൂടെ കൈ കടത്തിയാല്‍ സാരി ഞൊറിഞ്ഞ് കുത്തേണ്ട ആവശ്യമില്ല.ഞൊറിയാതെ സാരിയുടുക്കുമ്പോൾ സാധാരണ ഇടതുകൈ സാരിയുടെ ഉള്ളിൽ ചുറ്റിപ്പിടിക്കണം. ഇതൊഴിവാക്കാമെന്നതാണ് ഇത്തരം സാരികളുടെ പ്രത്യേകത.









0 comments