ആംബുലന്‍സ് സേവനം ലഭിച്ചില്ല; പ്ലാറ്റ്‌ഫോമില്‍ കിടന്ന് യുവാവ് മരിച്ചു

ശ്രീജിത്ത്
മുളങ്കുന്നത്തുകാവ്
ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് ആംബുലന്‍സ് സേവനം ലഭിക്കാതെ പ്ലാറ്റ്‌ഫോമില്‍ പിടഞ്ഞുമരിച്ചു. ചാലക്കുടി കോടശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ ശ്രീജിത്ത്(26)ആണ് മരിച്ചത്. ഓഖ എക്‌സ്‌പ്രസില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷൊര്‍ണൂരെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥി പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് നിർദേശം നൽകി. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആർ തൊട്ടടുത്ത വള്ളത്തോൾനഗറിലും വടക്കാഞ്ചേരി സ്റ്റേഷനിലും ട്രെയിൻ നിർത്താതെ അടിയന്തര ചികിത്സ നൽകാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ഇതുപ്രകാരം സ്റ്റേഷന്‍മാസ്റ്ററെ വിവരമറിക്കുകയും ചെയ്തു. എന്നാല്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടും ആംബുലന്‍സ് സൗകര്യം പോലും ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. അരമണിക്കൂർ കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയതെന്നും പറയുന്നു. ഇതിനിടെ യുവാവിന് നെഞ്ചുവേദന രൂക്ഷമാവുകയും പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിക്കുകയും ചെയ്തു. ആയുര്‍വേദ തെറാപ്പിസ്റ്റാണ് മരിച്ച ശ്രീജിത്ത്. സംസ്‌കാരം നടത്തി. അച്ഛൻ: സുബ്രന്‍.അമ്മ: ഉഷ. സഹോദരന്‍: ശ്രീജിഷ്.









0 comments