നേപ്പാള്‍ കലാപം
കുടുങ്ങിയവരില്‍ തൃശൂര്‍ സ്വദേശികളും

ഡോ. സുജയ് സിദ്ധനും അഭിലാഷും ബേസ് ക്യാമ്പില്‍
തൃശൂര്‍
നേപ്പാള്‍ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ചൈന – തിബത് അതിര്‍ത്തിയില്‍ കുടുങ്ങിയവരില്‍ രണ്ട് തൃശൂര്‍ സ്വദേശികളും. കുന്നംകുളം യൂണിറ്റി ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറും എരുമപ്പെട്ടി സ്വദേശിയുമായ ഡോ. സുജയ് സിദ്ധന്‍, ബിസിനസുകാരനും വാടാനപ്പിള്ളി സ്വദേശിയുമായ അഭിലാഷ് എന്നിവരാണ് കുടുങ്ങിയത്. ഈ മാസം രണ്ടിനാണ് ഇരുവരുള്‍പ്പെടെ 100 പേരടങ്ങിയ സംഘം കൈലാസ് മാനസ സരോവറിലേക്ക് യാത്രതിരിച്ചത്. ഇതില്‍ 10 പേര്‍ മലയാളികളാണ്. കൈലാസം സന്ദര്‍ശിച്ച് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് കലാപമുണ്ടായതും നേപ്പാള്‍ അതിര്‍ത്തി അടച്ചതും. കൈലാസത്തിനടുത്തെ ഉയരംകൂടിയ ബേസ് ക്യാമ്പിലായിരുന്നു ഇരുവരും. ഭക്ഷണത്തിന് ബുദ്ധിമുട്ടോ സുരക്ഷാ ആശങ്കയോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഭീഷണിയായത്. അഭിലാഷുള്‍പ്പെടെ സംഘത്തിലെ ഭൂരിഭാഗം പേരും ഓക്സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചാണ് ശ്വസിക്കുന്നത്. ഒരു ദിവസത്തേക്കുള്ള ഓക്സിജനെ പലരുടെയും സിലിണ്ടറിലുണ്ടായിരുന്നുള്ളൂ. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ പ്രായമായവര്‍ക്ക് ശ്വാസതടസ്സമുണ്ടായെന്നും നിരവധിപേര്‍ക്ക് മരുന്ന് നല്‍കി ബുദ്ധിമുട്ട് പരിഹരിച്ചുവെന്നും ഡോ. സുജയ് സിദ്ധന്‍ പറഞ്ഞു. ബുധനാഴ്ച ചൈനീസ് എംബസിയുടെ സഹായത്തോടെ ബേസ് ക്യാമ്പില്‍ നിന്ന് നേപ്പാളിലെ ഗ്രാമത്തിലെത്തി. വ്യാഴാഴ്ചയോടെ ഹെലികോപ്ടറില്‍ ഇന്ത്യയിലെത്തും. രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്താനാകുമെന്നാണ് കരുതുന്നത്. കെ രാധാകൃഷ്ണൻ എംപിയും എ സി മൊയ്തീൻ എംഎൽഎയും ഫോണിൽ ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചതായും ഡോ. സുജയ് സിദ്ധന്‍ പറഞ്ഞു.









0 comments