എൻഎച്ച്‌എക്ക് വീണ്ടും തിരിച്ചടിടോൾ വിലക്ക്:
ദേശീയപാത നിർമാണം വീണ്ടും കലക്ടർ പരിശോധിക്കും

തൃശൂർ
ഇടപ്പള്ളി– -മണ്ണുത്തി ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന വിധി ദേശീയപാത അതോറിറ്റിക്ക് കനത്ത തിരിച്ചടിയായി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വീണ്ടും കലക്ടർക്ക് നൽകാൻ എൻഎച്ച്‌എ അധികൃതരോട് ആവശ്യപ്പെട്ടു. ഇൗ റിപ്പോർട്ട് പരിശോധിച്ച് കലക്ടർ നൽകുന്ന അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷമേ ടോൾ പിരിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ദേശീയപാത 544-–ൽ നിർമാണത്തിലെ അപാകങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് 18 കർശന നിർദേശങ്ങൾ കലക്ടർ നൽകിയിരുന്നു. കലക്ടർ അർജുൻ പാണ്ഡ്യൻ. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങിയ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയത്. അടിപ്പാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും നിർമാണത്തിലെ പിഴവുകളും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പൂർത്തിയാക്കാനും കലക്ടർ നിർദേശം നൽകിയിരുന്നു. പേരാമ്പ്ര അടിപ്പാതയോട് ചേർന്നുള്ള സർവീസ് റോഡിലെ കുത്തനെയുള്ള ഇറക്കവും അപകടകരമായ വശങ്ങളും ഉടൻ നിരപ്പാക്കി ടാർ ചെയ്യണം. ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലെ നിർമാണ സ്ഥലങ്ങളിൽ ആഴത്തിൽ കുഴിച്ച ഭാഗങ്ങളിൽ ആളുകൾ വീഴാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണം. ഗതാഗതം തിരിച്ചുവിടാൻ ഉപയോഗിക്കുന്ന മുരിങ്ങൂരിലെ ഒരു കിലോമീറ്ററോളം വരുന്ന പഞ്ചായത്ത് റോഡ് പൂർണമായും തകർന്നിരിക്കുന്നതിനാൽ അടിയന്തരമായി പുനർനിർമിക്കണം. പേരാമ്പ്രയിൽ ഫ്ലൈഓവർ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തെ അപകടകരവും ആഴമുള്ളതുമായ സർവീസ് റോഡിന്റെ വശങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കായി കോൺക്രീറ്റ് ബാരിക്കേഡ് നിർമിക്കണം. എല്ലാ നിർമാണ പോയിന്റുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കണം, പൊട്ടിയ കൾവർട്ട് സ്ലാബുകൾ മാറ്റിസ്ഥാപിക്കണം, റിക്കവറി വാഹനങ്ങൾ ഉറപ്പാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് എൻഎച്ച്എഐക്ക് നൽകിയിരിക്കുന്നത്. സർവീസ് റോഡിൽ നിന്ന് പ്രധാന പാതയിലേക്ക് കടക്കുന്നയിടത്തെ വീതിക്കുറവ്, ഓടകളുടെ അപര്യാപ്തത, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അടിപ്പാതകളുടെ നിർമാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഗതാഗത പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടുവെങ്കിലും ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുകയായിരുന്നു.









0 comments