11 കേസുകളിലെ പ്രതി വീരപുരുഷൻ
കോൺഗ്രസിനും ബിജെപിക്കും വെള്ളപൂശി മാധ്യമങ്ങൾ

തൃശൂർ
കോൺഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധ മുഖങ്ങൾക്ക് വെള്ളപൂശി മാധ്യമങ്ങൾ. തൃശൂരിൽ സമീപ ദിവസങ്ങളിലുണ്ടായ രണ്ട് പ്രധാന വാർത്തകൾ തമസ്കരിച്ചാണ് മാധ്യമ സേവ. ചേർപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വൃദ്ധനോട് നടത്തിയ ധിക്കാരപരമായ പ്രതികരണവും വടക്കാഞ്ചേരിയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നടത്തിയ കൊലവിളി പ്രസംഗവും മാധ്യമങ്ങൾ മുക്കി. വൃദ്ധൻ നൽകിയ നിവേദനം വായിച്ചുനോക്കാൻ തയ്യാറാകാതെയാണ് വൃദ്ധനെ സുരേഷ് ഗോപി അപമാനിച്ചത്. മാതൃഭൂമിയും മനോരമയും ചാനലുകളും സുരേഷ് ഗോപിയുടെ പരിപാടിക്ക് വൻ പ്രാധാന്യം നൽകി. എന്നാൽ വൃദ്ധനോട് കേന്ദ്രമന്ത്രി നടത്തിയ ജനവിരുദ്ധമായ തട്ടിക്കയറ്റം കണ്ടതേയില്ല. ഇടതുപക്ഷത്തെ ഏതെങ്കിലും പഞ്ചായത്ത് അംഗമാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെങ്കിൽ മാധ്യമങ്ങൾ തുടർച്ചയായി വാർത്തയാക്കുമായിരുന്നു. വടക്കാഞ്ചേരിയിൽ ജനാധിപത്യ മര്യാദയുടെയും സംവാദങ്ങളുടെയും അതിരുകൾക്കപ്പുറം കൊലവിളിയും തെറിവിളിയുമാണ് കെഎസ്‌യു നേതാവ് നടത്തിയത്. ഇതും വാർത്തയാക്കാത്തത് നഗ്നമായ വലതുപക്ഷ പ്രീണനത്തിന്റെ ഉദാഹരണമാണ്. കുന്നംകുളത്ത് നിരവധി കേസുകളിലെ പ്രതിയായ യൂത്ത് കോൺഗ്രസുകാരനെ പൊലീസ് മർദിച്ചപ്പോൾ അയാൾക്ക് വീര പരിവേഷമാണ് മാധ്യമങ്ങൾ നൽകിയത്. പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിലെ പ്രതിയാണ് ഇയാൾ. കുന്നംകുളത്തും പരിസരത്തും മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും ക്വട്ടേഷനുകളിൽ ഇയാൾ കക്ഷിയാണെന്ന് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും മാധ്യമങ്ങൾ കണ്ടതായി ഭാവിച്ചില്ല.









0 comments