കാളയെ മയക്കുവെടി വച്ച് ചികിത്സ നല്‍കി

മയക്കുവെടിയേറ്റുവീണ കാളയെ മൃഗസംരക്ഷണ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് പിടിച്ചുകെട്ടി ശുശ്രൂഷ നല്‍കുന്നു
തിരുവില്വാമല
മാരക വ്രണവുമായി നടക്കുന്ന തെരുവുകാളയ്ക്ക് ചികിത്സയേകുന്നതിന് മയക്കു വെടി വച്ചു. തിങ്കളാഴ്ച പകല്‍ രണ്ടരയോടെ ഡോ. ഗിരിദാസിന്റെ നേതൃത്വത്തിലാണ് വെടി വച്ചത്. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മയക്കുവെടിയേറ്റ കാളയെ മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിലേക്ക് ഓടിക്കയറിയ കാളയെ ഏറെ ശ്രമകരമായാണ് കാലുകള്‍ ബന്ധിക്കാനായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കാളയുടെ തലയിലുണ്ടായ മുഴ പഴുത്ത് പുഴുവരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് കാള തിരുവില്വാമല ടൗണിലെ സുജിത്തിന്റെ വീടിന്റെ വരാന്തയില്‍ അഭയം പ്രാപിച്ചു. കാളയെ പിടികൂടാന്‍ ശ്രമിച്ചപ്പോഴെല്ലാം പ്രകോപനത്തോടെ ഓടി. ഉടമസ്ഥന്‍ കൂട്ടിക്കൊണ്ടുപോകാന്‍ വൈമനസ്യം കാണിച്ചതും പ്രശ്‌നമായി. വെള്ളിയാഴ്ച പഴയന്നൂര്‍ പൊലീസും പഞ്ചായത്ത് അധികൃതരും ഒരുദിനംമുഴുവന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കാളയുടെ മുറിവില്‍ മരുന്നുവച്ച് കെട്ടിയിട്ടുണ്ട്. പഴുപ്പ് കുറയുന്നതിനനുസരിച്ച് മുഴ മുറിച്ചുമാറ്റാനുള്ള ശ്രമം നടത്താനാണ് തീരുമാനം. കാളയെ ഉടമസ്ഥന് കൈമാറി. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ വിവരം രേഖാമൂലം അറിയിക്കുകയും ജില്ലാ അനിമല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി ഉണ്ടായതും. പഞ്ചായത്തധികൃതര്‍, മൃഗ സംരക്ഷണ വകുപ്പിലെ ഡോ. അശോകന്‍, വെറ്ററിനറി ഡോ. രാമു സദാനന്ദന്‍, പഴയന്നൂര്‍ എസ് ഐ പൗലോസ്, സിപിഒ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാളയെ പിടികൂടിയത്.









0 comments