നവതിയുടെ നിറവിൽ കെ വി രാമകൃഷ്‌ണൻ
‘ഡ്രാക്കുള’ തന്ന വിദ്യാഭ്യാസം

പ്രൊഫ. കെ വി രാമകൃഷ്‌ണൻ
കെ എൻ സനിൽ
Published on Oct 04, 2025, 12:14 AM | 2 min read
തൃശൂർ ‘
ഡ്രാക്കുള പ്രസിദ്ധീകരിച്ചപ്പോൾ കിട്ടിയ പ്രതിഫലമാണ് കോളേജ് പഠനത്തിന് അവസരമുണ്ടാക്കിയത്. ഡ്രാക്കുള വിവർത്തനം ചെയ്യുപ്പോൾ എനിക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. വിവർത്തനത്തിന് ലഭിച്ച പ്രതിഫലം ബാങ്കിലിട്ട് അതിന്റെ പലിശകൊണ്ട് കോളേജിൽ പഠിക്കാം എന്നുറപ്പിച്ചാണ് സർക്കാർ ജോലി രാജിവച്ച് മഹാരാജാസിൽ ചേർന്നത്.’90ന്റെ നിറവിലെത്തി നിൽക്കേ പിന്നിട്ട കാലം ഓർത്തെടുക്കുകയാണ് കവിയും വിവർത്തകനും സാഹിത്യ പത്രപ്രവർത്തകനുമായ കെ വി രാമകൃഷ്‌ണൻ. ‘പത്താംക്ലാസ് കഴിഞ്ഞപ്പോൾ പഠിക്കാൻ പണമില്ലാത്തതുകൊണ്ടാണ് കോളേജിൽ ചേരാതിരുന്നത്. മദ്രാസിൽ സർക്കാർ ജോലിക്കാരനായി. ഐക്യകേരളപ്പിറവിക്കുശേഷംകോഴിക്കോട്ടേക്ക് മാറി. അവിടെവച്ചാണ് ജീവിതത്തിന് വഴിത്തിരിവാകുന്നത്. കോഴിക്കോട്ട് ജോലിചെയ്‌തിരുന്ന സ്ഥാപനത്തിനടുത്താണ് കറന്റ് ബുക്‌സ് ശാഖ. വൈകുന്നേരമായാൽ എം ടിയുംഅവിടെ വരും. അദ്ദേഹം അന്ന് മാതൃഭൂമി വാരികയുടെ പത്രാധിപരാണ്. ഒരുദിവസം എം ടി പറഞ്ഞു ‘ഇവിടെ ക്രൗൺ തിയറ്ററിൽ ഒരു സിനിമ കളിക്കുന്നുണ്ട് ഹൊറർ മൂവിയാണ്. നമുക്ക് പോകാം.’ എനിക്ക് അന്നും ഇന്നും സിനിമ താൽപ്പര്യമുള്ള മേഖലയല്ല. ഞാനില്ല എംടി പൊയ്‌ക്കോളൂ എന്ന് പറഞ്ഞു. ഡ്രാക്കുള വായിച്ചിട്ടുണ്ടോ എന്ന് എം ടി ചോദിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞു. എന്റെ കൈയ്യിലുണ്ട്, കൊണ്ടുതരാം എന്നുപറഞ്ഞ് എം ടി പോയി. പിറ്റേന്ന് ഡ്രാക്കുളയുടെ കോപ്പിയുമായാണ് അദ്ദേഹം വന്നത്. ‘രാത്രി വായിക്കാൻ നിൽക്കണ്ട’ എന്ന മുന്നറിയിപ്പോടെ പുസ്‌തകം തന്നു. രണ്ടുദിവസത്തിനകം വായിച്ചുതീർത്ത് പുസ്‌തകം മടക്കിക്കൊടുക്കാൻ ചെന്നപ്പോൾ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. കൊള്ളാം ഇഷ്‌ടപ്പെട്ടു എന്ന് മറുപടി പറഞ്ഞു. എന്നാൽ രാമകൃഷ്‌ണൻതന്നെ ഇത് മലയാളത്തിലാക്കൂ... എന്നായിരുന്നു മറുപടി. മൂന്നുനാലുമാസംകൊണ്ട് വിവർത്തനം പൂർത്തിയാക്കി നൽകി. നോക്കട്ടെ എന്നുമാത്രമായിരുന്നു എം ടിയുടെ മറുപടി. രണ്ടാഴ്‌ചകഴിഞ്ഞപ്പോൾ ഡ്രാക്കുള വിവർത്തനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചുവെന്നും അടുത്തയാഴ്‌ച പരസ്യം വരുമെന്നും അദ്ദേഹം പറഞ്ഞപ്പോഴുള്ള സന്തോഷം അടക്കാനായില്ല. പ്രസിദ്ധീകരണമാരംഭിച്ചപ്പോൾ ലഭിച്ച പ്രതിഫലത്തിന്റെ ധൈര്യത്തിൽ ജോലി രാജിവച്ച് മഹാരാജാസിൽ ചേർന്നു. എംഎ പൂർത്തിയായി അടുത്ത ദിവസംകോളേജിൽ അധ്യാപകനായി നിയമനവും ലഭിച്ചു– അദ്ദേഹം ഓർമിച്ചു. മലായാള സാഹിത്യ പത്രപ്രവർത്തനത്തിലെ അദ്വിതീയനാണ് കെ വി രാമകൃഷ്‌ണൻ. അധ്യാപകൻ, കവി, വിവർത്തകൻ എന്നീ നിലകളിലെല്ലാം തനതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിൽ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മാതൃഭൂമി വാരികയുടെ പത്രാധിപരായി. മഹാരാജാസിൽ വിദ്യാർഥിയായിരുന്ന കാലത്ത് ‘കവനകൗമുദി’ സാഹിത്യമാസിക പുറത്തിറക്കി. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും എൻവി സ്‌മാരക ട്രസ്‌റ്റിന്റെ കാര്യദർശിയായും പ്രവർത്തിച്ചു. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലക്കാരനാണ്. ഇപ്പോഴും എഴുത്തും വായനയുമൊക്കെയായി സജീവമാണ് കെ വി രാമകൃഷ്‌ണൻ. ഞായറാഴ്‌ച ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് തൃശൂരിൽ അദ്ദേഹത്തിന് ആദരം നൽകുന്നുണ്ട്. കന്നിമാസത്തിലെ രോഹിണി നാളിലാണ് (ഇക്കുറി അത് ഒക്‌ടോബർ 11ന്) യഥാർഥ ജന്മദിനം.









0 comments