49 കുടുംബശ്രീ ഓഫീസുകൾ ഐഎസ്ഒ തിളക്കത്തിൽ

തൃശൂർ
മികവിൽ കുതിക്കുന്ന കുടുംബശ്രീയ്ക്ക് കരുത്തായി ഐഎസ്ഒ അംഗീകാരവും. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പുവരുത്തിയ 49 സിഡിഎസുകൾ ഐഎസ്ഒ ഗുണമേന്മ നിലവാരത്തിലേക്ക് ശുപാർശ ചെയ്യുന്നതിനും തെരഞ്ഞെടുത്തു. ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തവും പൊതുജന സേവനവും ഒരുക്കിയാണ് അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കറ്റിന് അർഹമായത്. മൂന്നു വർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. കൺസൾട്ടൻസി ഏജൻസിയായ കിലയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിലാണ് 49 സിഡിസുകൾ, ഐഎസ്ഒ 9001:2015 അംഗീകാരത്തിലേക്ക് ചുവടുവച്ചത്. ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും പരിപാലിക്കുന്നതിലെ കൃത്യത, അയൽക്കൂട്ട വിവരങ്ങൾ, കാര്യക്ഷമത, സേവന മേഖലയിലെ വിലയിരുത്തൽ, ഓഫീസ് ക്രമീകരണങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഹെൽപ്പ് ഡസ്‌ക് എന്നിവയാണ് നേട്ടത്തിന് അടിസ്ഥാനം. ജില്ലയിലെ 44 ഗ്രാമീണ സിഡിഎസുകളും അഞ്ച് നഗര സിഡിഎസുകളുമാണ് നേട്ടത്തിന് അർഹരായത്. അരിമ്പൂർ, മണലൂർ, താന്ന്യം, മുല്ലശേരി, എളവള്ളി, അതിരപ്പിള്ളി, കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം, കാട്ടകാമ്പാൽ, ചൊവ്വന്നൂർ, പോർക്കുളം, കടങ്ങോട്, വേലൂർ, കടവല്ലൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തൂർ, കൊടകര, മാള, കയ്‌പമംഗലം, മതിലകം, എടവിലങ്ങ്, എറിയാട്, മാടക്കത്തറ, പാണഞ്ചേരി, നടത്തറ, പുത്തൂർ, പാഞ്ഞാൾ, തിരുവില്വാമല, കൈപ്പറമ്പ്, വാടാനപ്പള്ളി, തളിക്കുളം, വെള്ളാങ്കല്ലൂർ, വേളൂക്കര, പുത്തൻചിറ, മുള്ളൂർക്കര, തെക്കുംകര, വരവൂർ, പറപ്പൂക്കര എന്നീ ഗ്രാമീണ സിഡിഎസുകളും ചാലക്കുടി, തൃശൂർ സിഡിഎസ് ഒന്ന്, രണ്ട് വടക്കാഞ്ചേരി സിഡിഎസ് ഒന്ന്, രണ്ട് എന്നീ നഗര സിഡിഎസുകളുമാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തതെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. സലിൽ യു അറിയിച്ചു.









0 comments