വിലക്കയറ്റം തടയാൻ കുടുംബശ്രീക്ക് കഴിഞ്ഞു: എം ബി രാജേഷ്

തൃശൂർ ടൗൺഹാളിൽ കുടുംബശ്രീ സംസ്ഥാന തല ഓണം വിപണന മേള മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു. എംഎൽഎ മാരായ സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്‌തീൻ, കെ രാധാകൃഷ്ണൻ എംപി,-- ഇ ടി ടൈസൺ എംഎൽഎ തുടങ്ങിയവർ സമീപം
തൃശൂർ
ഓണ വിപണിയിലെ വിലക്കയറ്റം തടയാനും ഒപ്പം സ്‌ത്രീകൾക്ക് വരുമാനം ഉണ്ടാക്കാനും കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. തൃശൂരിൽ സംസ്ഥാനതല വിപണന മേളയും ജില്ലയിൽ രണ്ട് വീതവും സിഡിഎസുകളുടെ നേതൃത്വത്തിലുള്ള വിപണന മേളയും നടത്തുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ സ്‌ത്രീകൾ വിപണിയിലേക്ക് നേരിട്ട് ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തല കുടുംബശ്രീ ഓണ വിപണന മേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിനുള്ള പച്ചക്കറിയും പൂകൃഷിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തി. തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് പൂവ് വന്നിരുന്നത്. എന്നാൽ അട്ടപ്പാടിയിൽ കുടുംബശ്രീ കൃഷി ചെയ്‌ത പൂവ് അതിർത്തി കടന്ന് കോയമ്പത്തൂർ വരെ എത്തി. തൊട്ടതെല്ലാം പൊന്നാക്കുന്ന കുടുംബശ്രീഓണത്തിനായി ഒരുക്കിയ ഗിഫ്‌റ്റ് ഹാമ്പറുകൾ ചൂടപ്പംപോലെ വിറ്റഴിഞ്ഞു. കുടുംബശ്രീയുടെ ഓണസദ്യക്കും ആവശ്യക്കാർ ഏറെയാണെന്ന് മന്ത്രി പറഞ്ഞു. എ സി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനായി. കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, ഇ ടി ടൈസൺ, ചെയർമാൻസ് ചേംബർ ചെയർമാൻ എം കൃഷ്ണദാസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കുടുംബശ്രീ മിഷൻ ഡയറക്ടർ എച്ച് ദിനേശ്, ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ യു സലീൽ, റെജുല കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.









0 comments