ആട്ടവിളക്കിനൊപ്പം തെളിയും പുതുചരിത്രം

സാബ്രിക്ക് അധ്യാപകൻ അനിൽകുമാർ പരിശീലനം നൽകുന്നു

സാബ്രിക്ക് അധ്യാപകൻ അനിൽകുമാർ പരിശീലനം നൽകുന്നു

ചെറുതുരുത്തി

കലാമണ്ഡലത്തിൽ വ്യാഴാഴ്‌ച ആട്ടവിളക്ക് തെളിയുമ്പോൾ പിറക്കുക പുതുചരിത്രം. ഗോപിയാശാൻ പകർന്നുനൽകിയ മുദ്രകളിൽ ചുവടുറപ്പിച്ചുതുടങ്ങിയ സാബ്രി കേളികൊട്ടുയർന്ന്‌ കളിയരങ്ങ്‌ ഉണരുമ്പോൾ അരങ്ങിലെത്തും. കൊല്ലം അഞ്ചൽ ഇടമുളക്കൽ തേജസിൽ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി 2023–ലാണ് കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്‌. പെൺകുട്ടികൾക്ക്‌ കഥകളിയിൽ പ്രവേശനം അനുവദിച്ചതോടെ കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തിയ ആദ്യ മുസ്ലിം പെൺകുട്ടിയാണ് സാബ്രി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ വിപ്ലവകരമായ തീരുമാനമായിരുന്നു പെൺകുട്ടികൾക്കും കലാമണ്ഡലത്തിൽ കഥകളിയിൽ പ്രവേശനം നൽകുകയെന്നത്‌. ആ തീരുമാനത്താൽ അസുലഭ നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് സാബ്രി. കൂത്തമ്പലത്തിൽ പുറപ്പാട് ഭാഗം അവതരിപ്പിച്ചായിരിക്കും അരങ്ങേറ്റം. സാബ്രിയോടൊപ്പം പ്രവേശനം നേടിയ മറ്റു മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അരങ്ങിലെത്തും. അഞ്ചൽ ഇടമുളക്കൽ ഗവ. ജവഹർ സ്കൂളിൽ നിന്ന്‌ ഏഴാം ക്ലാസ്‌ പൂർത്തിയാക്കിയ ശേഷമാണ് സാബ്രി കലാമണ്ഡലത്തിലെത്തിയത്. കലാമണ്ഡലം ഗോപിയാശാനാണ് ആദ്യമുദ്രകൾ പകർന്നുനൽകിയത്. കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റ് അധ്യാപകരുടെയും ശിക്ഷണത്തിലായിരുന്നു തുടർന്നുള്ള പഠനം. നിലവിൽ കഥകളി വേഷം, ചുട്ടി, സംഗീതം തുടങ്ങി എല്ലാ കോഴ്‌സുകളിലും പെൺകുട്ടികളുണ്ട്‌. ആദ്യ ബാച്ചിലെ പെൺകുട്ടികൾ കഴിഞ്ഞവർഷം അരങ്ങേറ്റം നടത്തി. വടക്കൻ, തെക്കൻ വിഭാഗങ്ങളിലായി എട്ടാം ക്ലാസ്‌ മുതൽ ബിരുദം വരെയായി 42 പെൺകുട്ടികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home