മൃഗസംരക്ഷണ മേഖലയ്‌ക്ക്‌ 12 കോടി, മത്സ്യമേഖലയ്‌ക്ക്‌ 1.23 കോടി

കൈത്താങ്ങായി 
ജില്ലാപഞ്ചായത്ത്‌

..
avatar
കെ എൻ സനിൽ

Published on Nov 06, 2025, 12:33 AM | 1 min read

തൃശൂർ

മൃഗ സംരക്ഷണരംഗത്ത്‌ കർഷകർക്ക്‌ കൈത്താങ്ങായും മത്സ്യത്തൊഴിലാളികൾക്ക്‌ അടിസ്ഥാന സ‍ൗകര്യങ്ങളൊരുക്കിയും ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ സജീവമായ വർഷങ്ങളാണ്‌ കടന്നുപോയത്‌. മൃഗസംരക്ഷണ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ വഴി ചെലവഴിച്ചത്‌ 12.06 കോടി രൂപ. മത്സ്യത്തൊഴിലാളി മേഖലയിലും ഉൾനാടൻ മത്സ്യകൃഷി മേഖലയിലുമായി ചെലവഴിച്ചത്‌ 1.23 കോടി രൂപ. അടിസ്ഥാന ജനതയുടെ ജീവസന്ധാരണത്തിനും ജീവിത സുരക്ഷയ്‌ക്കും ഏറെ കരുത്തുപകർന്ന ഇടപെടലായി ഇത്‌. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ 60 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌. സുഭിക്ഷ കേരളം പദ്ധതിപ്രകാരം വീട്ടുവളപ്പിൽ പടുതാകുളം നിർമിച്ച്‌ മത്സ്യകൃഷി നടത്തുന്നതിന്‌ 23 ലക്ഷം രൂപ വിനിയോഗിച്ചു. റിസർവയറുകളിൽ വിത്ത്‌ നിക്ഷേപിച്ച്‌ മത്സ്യ സന്പത്ത്‌ വർധിപ്പിക്കുന്ന പദ്ധതിക്ക്‌ 10 ലക്ഷം രൂപയും വീടുകളിൽ ബയോ ഫ്‌ളോക്‌ നിർമിച്ച്‌ മത്സ്യകൃഷി പ്രോൽസാഹിപ്പിക്കുന്നതിന്‌ 10 ലക്ഷരൂപയും ചെലവിട്ടു. ഉൽപ്പാദിപ്പിക്കുന്ന മീൻ വിപണനം നടത്തുന്നതിന്‌ ഒ‍ൗട്‌ലറ്റുകൾ നിർമിക്കാൻ 10ലക്ഷം രൂപയും തെരഞ്ഞെടുക്കപ്പെട്ട ജലസ്രോതസ്സുകളിൽ മത്സ്യവിത്ത്‌ നിഷേപിക്കുന്നതിനുള്ള പദ്ധതിക്ക്‌ 10 ലക്ഷം രൂപയുമാണ്‌ ചെലവിട്ടത്‌. മൃഗസംരക്ഷണമേഖലയിൽ ക്ഷീര കർഷകർക്കാണ്‌ മുന്തിയ പരിഗണന നൽകിയത്‌. ഒരു ലിറ്റർ പാലിന്‌ മൂന്നുരുപ നിരക്കിൽ കർഷകർക്ക്‌ സബ്‌സിഡി അനുവദിക്കുന്നതിന്‌ പഞ്ചായത്തുകൾ വഴി 8.60 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. കുന്നംകുളം പിഗ്‌ഫാമിൽ മരുന്നും തീറ്റയും വാങ്ങുന്നതിന്‌ 35 ലക്ഷം രൂപയും കന്നുകാലികളിലെ വന്ധ്യതാനിവാരണത്തിന്‌ 36 ലക്ഷം രൂപയും മൃഗാശുപത്രികളിൽ മരുന്ന്‌ ലഭ്യമാക്കുന്നതിന്‌ 32 ലക്ഷം രൂപയും വിനിയോഗിച്ചു. പേവിഷബാധയേറ്റ മൃഗങ്ങളുടെ ചികിൽസയ്‌ക്ക്‌ മരുന്നുവാങ്ങുന്നതിന്‌ ഒരുലക്ഷം രൂപയും തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്കായി നിയോഗിച്ച പട്ടിപിടിത്തക്കാർക്ക്‌ പരിശീലനത്തിനായി 1.75 ലക്ഷം രൂപ, തെരുവുനായ വന്ധ്യംകരണ പരിപാടിക്ക്‌ ഒരുകോടി രൂപയും തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾക്ക്‌ 73 ലക്ഷം രൂപ ജില്ലാപഞ്ചായത്ത്‌ ഹാച്ചറി യൂണിറ്റ്‌ നടത്തിപ്പിന്‌ 10 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലാ പഞ്ചായത്ത്‌ ചെലവഴിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home