ഹെലികോപ്റ്റർ ഫോർജിങ്സ് നിർമാണം
കുതിപ്പോടെ എസ്ഐഎഫ്എൽ

എച്ച്എഎൽ ഡയറക്ടർ ജനറൽ ഡോ. കെ രാജലക്ഷ്മി മേനോനിൽ നിന്ന് എസ്ഐഎഫ്എൽ എംഡി കമാൻഡർ പി സുരേഷ് പുരസ്കാരം ഏറ്റുവാങ്ങുന്നു
അത്താണി (തൃശൂർ)
ഹെലികോപ്റ്റർ നിർമാണ പ്രക്രിയയിലേക്ക് ആവശ്യമായ ഫോർജിങ്സുകളുടെ തദ്ദേശീയവൽക്കരണത്തിൽ നൽകിയ മികച്ച സംഭാവനയ്ക്ക് എസ്ഐഎഫ്എല്ലിന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ അംഗീകാരം. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ അധിഷ്ഠിതമായ പ്രമുഖ പൊതുമേഖലാ കമ്പനിയായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ് ലിമിറ്റഡ് രാജ്യത്തെ മുൻനിര കമ്പനിയായി കുതിക്കുകയാണ്. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ എച്ച്എഎൽ ഡയറക്ടർ ജനറൽ ഡോ. കെ രാജലക്ഷ്മി മേനോനിൽ നിന്നും എസ്ഐഎഫ്എൽ എംഡി കമാൻഡർ പി സുരേഷ് പുരസ്കാരം ഏറ്റുവാങ്ങി. വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഫോർജിങ് ഘടകങ്ങൾ മൂന്ന് പതിറ്റാണ്ടായി എച്ച്എഎല്ലിന് എസ്ഐഎഫ്എൽ നിർമിച്ചു നൽകിവരുന്നു. 1992മുതൽ 200ൽപ്പരം ഫോർജിങ്സുകൾ തദ്ദേശീയമായി വികസിപ്പിച്ചു. ടൈറ്റാനിയം അലോയ്, ഇൻകോണൽ അലോയ്, ഡബ്ലുഎഎസ്പി അലോയ്, മാരേജിങ് സ്റ്റീൽ, അലുമിനിയം അലോയ്, എയ്റോ എൻജിനുകളുടെ ഹൈ നിക്കൽ അലോയ് എന്നിവ ഉപയോഗിച്ച് ക്ലോസ്റ്റ് ഡൈ ഫോർജഡ് ഘടകങ്ങളാണ് വിതരണം ചെയ്യുന്നത്. അഡോർ എൻജിനുകൾ, അറ്റ്യൂസ്റ്റ്, ഓർഫിയസ്, ഡാർട്ട്, ഗാരറ്റ്, കാവേരി എന്നി എൻജിനുകൾ, എൽസിഎ എയർക്രാഫ്റ്റ്, ജാഗ്വാർ എയർക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, അഡ്വാൻസ്റ്റ് ലൈറ്റ് ഹെലികോപ്റ്റർ, തുടങ്ങിയവയിലേക്കുള്ള നിർണായക ഫോർജിങ്സുകൾ എസ്ഐഎ----ഫ്എൽ വികസിപ്പിച്ചവയാണ്. തൃശൂർ, അത്താണി ആസ്ഥാനമായുള്ള എസ്ഐഎഫ്എൽ പ്രതിരോധം, എയ്റോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ് ഓട്ടോമൊബൈൽ, റെയിൽവേ മേഖലകൾക്കായി ഫോർജിങ്സ് നിർമിക്കുന്നു. ഐഎസ്ആർഒ ഡിആർഡിഒ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡ്, ഇന്ത്യൻ നേവി തുടങ്ങിയക്കും വിവിധതരം ഫോർജിങ്സുകൾ നൽകി വരുന്നു. രണ്ട് വർഷമായി സംസ്ഥാന സർക്കാർ നൽകിയ സാമ്പത്തിക സഹായത്തിൽ 23 കോടി രൂപയുടെ ആധുനീകവൽക്കരണം പൂർത്തീകരിച്ചു. ആറ് ടൺ ഓപ്പൺ ഹാമ്മർ പുതുതായി സ്ഥാപിച്ചു. മന്ത്രി പി രാജീവിന്റെ ഇടപെടലുകളും കമ്പനിയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി. ഈ സാമ്പത്തിക വർഷം 92 കോടി രൂപയുടെ വിറ്റുവരവും അഞ്ചുവർഷത്തിനകം 200 കോടി വിറ്റുവരവുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ അഡ്വ. ഷെറിഫ് മരയ്ക്കാർ, എംഡി കമാൻഡർ പി സുരേഷ് എന്നിവർ അറിയിച്ചു.









0 comments