വഴി തെറ്റിയെത്തിയ കുതിരകൾക്ക് ആശ്രയമായി യുവാക്കൾ

വിപിനും ലിജോയും കുതിരകളെ ക്ഷേത്ര മൈതാനിയിൽ ബന്ധിച്ച ശേഷം, അവക്കൊപ്പം
കുന്നംകുളം : പാറേമ്പാടത്ത് വഴിയരികിൽ കയർ പൊട്ടിച്ചെത്തിയ കുതിരകൾക്ക് ആശ്രയമായി യുവാക്കൾ. രണ്ട് പെൺ കുതിരകളാണ് വഴിതെറ്റിയെത്തിയത്. പാറേമ്പാടം പനക്കൽ വീട്ടിൽ വിപിൻ, കൊങ്ങണൂർ കപ്യാരത്ത് വീട്ടിൽ ലിജോ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് കുതിരകളെ ഉടമകളുടെ കൈകളിലേക്ക് തിരികെയെത്തിച്ചത്.
ഞായർ പകൽ ഒന്നോടെ സുഹൃത്തിനെ കാണാൻ പോകുന്നതിനിടയിലാണ് വഴിയിൽ കുതിരകളെ കണ്ടത്. ഇരുവരും ചേർന്ന് പുല്ലും വെള്ളവും നൽകി അനുനയിപ്പിച്ച് കൊങ്ങണൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനിയിൽ കെട്ടിയിട്ടു. മണിക്കൂറുകൾ കഴിഞ്ഞും അന്വേഷിച്ച് ആരും എത്താതായതോടെ ഇവർ കുന്നംകുളം പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് ഉടമയായ കലശമല സ്വദേശി ശാന്ത് സ്ഥലത്തെത്തി അമ്മു, റാണി എന്നീ പേരുകളിലുള്ള കുതിരകളെ കൊണ്ടു പോയി. കലശമലയിലുള്ള പഴയ മലേഷ്യൻ റോഡ് കമ്പനിയുടെ സ്ഥലത്ത് ഫാമിലുണ്ടായിരുന്ന കുതിരകൾ, മേയാൻ വിട്ട സമയത്ത് അബദ്ധത്തിൽ ഫാമിന് പുറത്തേക്ക് പോകുകയായിരുന്നു. അകതിയൂർ വഴി പാറേമ്പാടത്ത് എത്തിയ ഇവയെ അന്വേഷിച്ച് ശാന്ത് നടക്കുന്നതിനിടയിലാണ് കുതിരകളെ കണ്ടെത്തിയ വിവരം അറിഞ്ഞത്. ഫാമിൽ കുതിരകളെ നോക്കുന്ന ജീവനക്കാരുമായി ക്ഷേത്ര മൈതാനിയിലെത്തി കുതിരകളെ തിരികെ കാണ്ടുപോവുകയായിരുന്നു.









0 comments