ജനകീയ തീവ്ര കര്‍മപരിപാടിയുമായി ഹരിതകേരളം മിഷന്‍

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ‘ജലമാണ് ജീവന്‍’

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ കർമ പദ്ധതിയുമായി ഹരിതകേരളം മിഷന്‍.
വെബ് ഡെസ്ക്

Published on Aug 24, 2025, 12:15 AM | 1 min read

തൃശൂർ

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ കർമ പദ്ധതിയുമായി ഹരിതകേരളം മിഷന്‍. സുരക്ഷിത ജല ലഭ്യത ഉറപ്പാക്കി ജലജന്യ രോഗങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്‌ ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ‘ജലമാണ് ജീവന്‍’ എന്ന പേരില്‍ ശനി, ഞായർ ദിവസങ്ങളിൽ ജനകീയ തീവ്ര കര്‍മപരിപാടി സംഘടിപ്പിക്കും. എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. സെപ്‌തംബർ എട്ടുമുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണവും നടത്തും. ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. തുടര്‍ന്ന് സെപ്‌തംബർ 20 മുതല്‍ നവംബര്‍ ഒന്നുവരെ ജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയില്‍ മാലിന്യം എത്തുന്ന വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും അനുബന്ധ ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചാണ് കര്‍മപരിപാടി സംഘടിപ്പിക്കുന്നത്. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ക്യാമ്പയിന്‍. അമീബിക് മസ്തിഷ്ക ജ്വരംപോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നത്. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ അത് സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതു കിണറുകളും ഇതിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്യും. കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷന്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിങ്‌ പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. അതത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സഹായം നല്‍കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home