കുളവാഴയും കരിവാലിയും നിറഞ്ഞു
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

തൊയക്കാവ് പള്ളി കടവ് പരിസരത്ത് വന്നടിഞ്ഞ് കുളവാഴയും ചണ്ടിയും
വെങ്കിടങ്ങ്
ഏനാമ്മാവ് റെഗുലേറ്റർ മുതൽ ചേറ്റുവ അഴിമുഖംവരെ ചണ്ടിയും കുളവാഴയും കരിവാലിയും നിറഞ്ഞ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. രണ്ടുവർഷം മുമ്പ് ഈ വിഷയം ഉയർത്തി ഇറിഗേഷൻ ഓഫീസ് മാർച്ചും ധർണയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ നടത്തിയിരുന്നു. തുടർന്ന് നിവേദനം നൽകിയെങ്കിലും കരാറുകാർ ഇപ്പോഴും ഏനാമ്മാവ് റെഗുലേറ്റർ വഴി പുഴയിലേക്ക് ഇവ തള്ളിവിടുകയാണ്. കോൾ ചാലുകളിലെ ചണ്ടിയും കുളവാഴയും കരുവാലിപ്പടർപ്പും യന്ത്രം ഉപയോഗിച്ച് കോരി മാറ്റുന്നതിനുപകരം പുഴയിലേക്ക് തള്ളുകയാണ്. ഉറവിടത്തിൽ നശിപ്പിക്കണമെന്ന് തീരദേശ സദസിൽ ഫിഷറീസ് മന്ത്രിക്ക് യൂണിയൻ പ്രതിനിധികൾ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന കുളവാഴയും കരുവാരിയും ഇപ്പോൾ പുഴയുടെ അടിത്തട്ടിലും നിറഞ്ഞിരിക്കുകയാണ്. ഇവ വലയിൽ കുടുങ്ങി വലകൾക്ക് നാശനഷ്ടം സംഭവിക്കുകയും മത്സ്യം കിട്ടാതെ പോകുകയുമാണ്. വെങ്കിടങ്ങ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ കോടമുക്ക് കടവിൽ നടക്കുന്ന ലേലം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ ചേറ്റുവ പാലം മുതൽ പുളിക്കക്കടവ് പാലം വരെ കനോലി കനാലിൽ നാല് സ്ഥലത്തായി 24 മണിക്കൂറും വലിയ രീതിയിൽ മണൽഖനനം തുടരുന്നുണ്ട് . ഇതുമൂലം കടലിൽനിന്ന് മത്സ്യങ്ങൾ പുഴയിലേക്ക് വരാതെയായി. രാത്രിയിലെ ഡ്രജിങ് വേലിയേറ്റ സമയത്ത് ആറുമണിക്കൂറെങ്കിലും നിർത്തിവയ്‌ക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എൻഎച്ച് 66ന് വേണ്ടിയാണ് ഇപ്പോൾ ഈ നാല് പ്രദേശത്തും മണൽ എടുക്കുന്നത്. മണൽഖനനം ചെയ്ത് പുഴ ആഴം കൂട്ടുന്നതിന് മത്സ്യത്തൊഴിലാളികൾ എതിരല്ല. പുഴ ആഴം കൂട്ടിയാൽ മത്സ്യ സമ്പത്ത് വർധിക്കുകയും പ്രളയം പോലുള്ള സംഭവങ്ങൾ തടയാനുമാകും. ഏനാമാവ് കായൽ മുതൽ ചേറ്റുവ, ചക്കംകണ്ടം വരെയുള്ള പുഴ ചെളിയും മാലിന്യവും നിറഞ്ഞ നിലയിലാണ്. ഇത്തരത്തിലുള്ള ഖനനം ചേറ്റുവ മുതൽ ഏനാമാവ് റെഗുലേറ്റർ വരെ നടത്തുന്നതിന് സർക്കാർ ഒരു പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. പുഴയിൽ ഒരിടത്തും ഇപ്പോൾ മത്സ്യ സമ്പത്ത് ഇല്ലാത്ത അവസ്ഥയാണ്. വേലിയേറ്റവും വേലിയിറക്കവും മൂലം കടലിൽ നിന്ന് യഥേഷ്ടം മത്സ്യങ്ങൾ കയറിവരുന്ന അവസ്ഥ ഇപ്പോഴില്ല. ഇത്തരം വിഷയങ്ങൾ ഉയർത്തി 28ന് വൈകിട്ട് നാലിന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു ) വെങ്കിടങ്ങ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാമ്മാവ് റെഗുലേറ്റർ പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിക്കും. യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.









0 comments