പൊറുതിമുട്ടി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ
കുളവാഴയിൽ കുടുങ്ങി ഉപജീവനം

കൊടുങ്ങല്ലൂർ
ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കി കുളവാഴകൾ. ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന ഇവർക്ക് പുഴയിൽ വലവീശാനും ചൂണ്ടയിടാനും കൂട്ടമായി ഒഴുകിയെത്തുന്ന കുളവാഴകൾ തടസ്സമാകുന്നു. കുളവാഴയും പുല്ലുകെട്ടുകളും പുഴയിൽ നിന്നും കനാലിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നാണ് ഉൾനാടൻ മത്സ്യ ത്തൊഴിലാളികളുടെ ആവശ്യം. കോൾ നിലങ്ങളിൽ നിന്നും വലിയ കെട്ടുകളിൽ നിന്നും പുറം തള്ളപ്പെടുന്ന പുല്ലുകെട്ടുകളും കുളവാഴയും വൻചങ്ങാടങ്ങൾ പോലെയാണ് കനോലി കനാലിലേക്കും കാഞ്ഞിരപ്പുഴയിലേക്കും ഒഴുകിയെത്തുന്നത്. പിന്നീട് ഇവ പരക്കെ വ്യാപിക്കുകയാണ്. പുല്ലുകെട്ടുകൾ ഇടിച്ച് പുഴയിൽ സ്ഥാപിച്ച ഊന്നികുറ്റികളും വലകളും നശിക്കുന്നു. കഴിഞ്ഞ ദിവസം വലിയ പുൽച്ചങ്ങാടം ഒഴുകിവന്ന് കൃഷ്ണൻകോട്ട പുഴയിലെ ഈന്നി കുറ്റികൾ തകർത്തു. ഈ കുറ്റികൾ വീണ്ടും സ്ഥാപിക്കണമെങ്കിൽ വലിയ തുക വരും. കുളവാഴകൾ പെരുകിയതോടെ മത്സ്യസമ്പത്തും നശിക്കുകയാണ്. പുഴയ്‌ക്കടിയിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്ത വിധം വളർന്ന് പടർന്ന കുളവാഴകൾ മീനുകളുടെ നാശത്തിനും കാരണമാകുന്നു.









0 comments