പ്രതിഷേധങ്ങൾ ഫലം കണ്ടു
മാള കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി സായാഹ്ന ഒപി

മാള
മാള കുടുംബാരോഗ്യ കേന്ദ്രത്തിൽ സിപിഐ എം, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധങ്ങൾ ഫലം കണ്ടു. ഇനിമുതൽ ഇവിടെ സായാഹ്‌ന ഒപി പ്രവർത്തിക്കും. കൂടുതൽ ഡോക്‌ടർമാരെ നിയമിക്കണമെന്നും സായാഹ്ന ഒപി അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലേക്കു പ്രതിഷേധ മാർച്ച് നടത്തുകയും മന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു. ഇതിനിടെ ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് സായാഹ്ന ഒപിക്ക് വേണ്ട സാഹചര്യം ആശുപത്രിയിലുണ്ടെന്ന് സൂചിപ്പിച്ചതോടെ ആവശ്യം കൂടുതൽ ശക്തമായി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള 25 ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് താൽപ്പര്യം പ്രകടിപ്പിച്ചവരെ നിയമിച്ച് ഒപി പ്രവർത്തിപ്പിക്കാമെന്ന നിർദേശവും ലഭിച്ചു. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സായാഹ്ന ഒപി ആരംഭിച്ചത്. പുതുതായി നിയമിച്ചവർ ഉൾപ്പെടെ ആറ് ഡോക്‌ടർമാരുടെ സേവനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപയും മാള പഞ്ചായത്ത് ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. സായാഹ്‌ന ഒപി ആരംഭിക്കുകയെന്നത് എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു.









0 comments