ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് 3 കോടിയുടെ ഭരണാനുമതി

വരന്തരപ്പിള്ളി
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്ന് കോടിരൂപയുടെ ഭരണാനുമതിയായതായി കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. വനംവകുപ്പ് മുഖേന സമർപ്പിച്ച അഞ്ചുകോടി രൂപയുടെ പദ്ധതിയിലാണ് തുക അനുവദിച്ചത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയില്‍ ചിമ്മിനിയില്‍ ചേര്‍ന്ന പുതുക്കാട് മണ്ഡലം ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷംരൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ടോയ്‌ലറ്റ് ബ്ലോക്ക് പദ്ധതിയും യോഗം വിലയിരുത്തി. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് സോളാർ ബോട്ട്, ബഗ്ഗി, ചിൽഡ്രൻസ് പാർക്ക് എന്നിവ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. നവ കേരളനിർമിതിയുടെ ഭാഗമായി അനുവദിച്ച ഒരുകോടി രൂപയിൽ ബോട്ട് ലാൻഡിങ്, കഫ്തീരിയ എന്നിവ നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു. മുനിയാട്ടുകുന്ന്, മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപാറ എന്നീ ടൂറിസം പദ്ധതികൾക്ക് സ്ഥലം ലഭ്യമാക്കുന്ന നടപടികൾ സ്വീകരിച്ചുവരുന്നതായി കലക്ടർ യോഗത്തിൽ അറിയിച്ചു. സംസ്ഥാന ബജറ്റിലെ ഒരുകോടി രൂപ ഉപയോഗപ്പെടുത്തി വ്യൂ പോയിന്റ്, ഗാർഡൻ, പാർക്കിങ് ഗ്രൗണ്ട്, സെൽഫി പോയിന്റ് നവീകരണം എന്നിവയുടെ എസ്റ്റിമേറ്റ് ഉടൻ സമര്‍പ്പിക്കും. മേഖലയിൽ ശുചിമുറികൾ പണിയുന്നതിന് നടപടി സ്വീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുമെന്നും എംഎല്‍എ അറിയിച്ചു. യോഗത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി ജി അശോകൻ, ചിമ്മിനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ എം മുഹമ്മദ് റാഫി, ടൂറിസം പ്രൊജക്റ്റ് എന്‍ജിനിയർ കെ വി വിദ്യ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ശാരിക വി നായർ, മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറി പി എസ് പ്രദീപ് കുമാർ, ജനപ്രതിനിധികളായ എം എസ് സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി എന്നിവർ സംസാരിച്ചു.









0 comments