എം മുരളീധരൻ സ്‌മാരക നാടകോത്സവം തുടങ്ങി

പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവം സജിത മഠത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവം തൃശൂർ റീജണൽ തിയറ്ററിൽ സജിത മഠത്തിൽ ഉദ്‌ഘാടനം ചെയ്‌തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് വി ഡി പ്രേമപ്രസാദ് അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ പ്രൊഫ. എം മുരളീധരൻ സ്‌മാരക പ്രഭാഷണം നടത്തി. ഡോ. ജലീൽ ടി കുന്നത്ത്, ഡോ. എം എൻ വിനയകുമാർ, ഡോ. കെ ജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഉദ്‌ഘാടനച്ചടങ്ങിന് മുന്നോടിയായി ഏങ്ങണ്ടിയൂർ കാർത്തികേയൻ, സോവിയറ്റ് ബ്രീസ്, ചന്ദ്രമതി എന്നിവരുടെ നേതൃത്വത്തിൽ നാടകഗാനങ്ങൾ അവതരിപ്പിച്ചു. ആദ്യ ദിവസം സ്കൂൾ ഓഫ് ഡ്രാമയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്ററിന്റെ ‘തമാശ' നാടകം അരങ്ങേറി. ചൊവ്വ വൈകിട്ട് 5ന് രത്തൻ തിയ്യം അനുസ്മരണം പ്രൊഫ. പി ഗംഗാധരൻ നിർവഹിക്കും. നടൻ ഇർഷാദ് അതിഥിയാവും. വൈകിട്ട് ആറിന് പാലക്കാട് ശേഖരീപുരം ഗ്രന്ഥശാലയുമായി സഹകരിച്ച് ആത്മത വൺ ട്വന്റി ഫോർ എന്ന നാടകം അവതരിപ്പിക്കും. വി ഷിനിലാലിന്റെ നോവലിനെ ആസ്പദമാക്കി കെ വി സജിത്താണ് സംവിധാനം നിർവഹിച്ചത്. ബുധൻ വൈകീട്ട് അഞ്ചിന് ഡോ.സി രാവുണ്ണി ചെറുകാട് അനുസ്മരണം നിർവഹിക്കും. സംവിധായകൻ ആനന്ദ് മധു അതിഥിയാവും. വൈകിട്ട് 5.30ന് സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കർണാടകയിലെ നിർദി ഗന്ധയുടെ സഹകരണത്തോടെ കേരളത്തിലെ ലിറ്റിൽ എർത്ത് തിയറ്റർ ‘കുഹു' നാടകം അവതരിപ്പിക്കും. അരുൺ ലാലിന്റേതാണ് രചനയും സംവിധാനവും.









0 comments