അതിക്രമങ്ങൾ തടയാന്‍ ജാഗ്രതാ സമിതികൾ

സ്വന്തം ലേഖിക
Published on Oct 08, 2025, 12:15 AM | 1 min read
തൃശൂര്‍
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ജാഗ്രതാ സമിതികള്‍ സജീവമാകുന്നു. വനിതാ കമീഷന്റെ മേല്‍നോട്ടത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ വാര്‍ഡുതലം മുതല്‍ ജാഗ്രതാ സമിതികള്‍ സജീവമാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ജില്ലാ തലങ്ങളിലും സമിതികള്‍ സജീവമാണ്. പരാതികള്‍ സ്വീകരിക്കുന്നതിനൊപ്പം നിയമാവബോധം സൃഷ്ടിച്ച് അതിക്രമങ്ങള്‍ തടയാനും സമിതികള്‍ ശ്രമിക്കുന്നു. ഗാർഹിക പീഡനം, സ്ത്രീധന പ്രശ്‌നങ്ങൾ, സ്വത്തു തർക്കങ്ങൾ, ദാമ്പത്യ പ്രശ്‌നങ്ങൾ, ബാലവിവാഹം എന്നിവയ്ക്ക് കൗണ്‍സലിങ്ങിലൂടെയോ നിയമപരമായ മാര്‍ഗങ്ങളിലൂടെയോ പരിഹാരം ഉറപ്പാക്കും. ഇരകള്‍ക്ക് അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, ആശുപത്രി സേവനങ്ങൾ എന്നിവ ഉറപ്പാക്കാനും സമിതികള്‍ മുന്നിലുണ്ടാകും. വിവിധ വകുപ്പുകളുമായി ഏകോപനത്തോടെയാണ് സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാ ജാഗ്രതാ സമിതിയുടെ അധ്യക്ഷന്‍. ബ്ലോക്ക്, പഞ്ചായത്ത് അസോസിയേഷൻ നാമനിർദേശം ചെയ്യുന്ന വനിതാ പ്രസിഡന്റുമാര്‍, മുൻസിപ്പൽ അസോസിയേഷൻ നാമനിർദേശം ചെയ്യുന്ന മുൻസിപ്പൽ ചെയർപേഴ്സൺ, ജില്ലാ പൊലീസ് മേധാവി, ആർഡിഒ, വനിതാ അഭിഭാഷക, എസ് സി/എസ്ടി സാമൂഹ്യ പ്രവർത്തക, വനിതാ ശിശു വികസന ജില്ലാ ഓഫീസർ എന്നിവരാണ് അംഗങ്ങള്‍. എല്ലാ മാസവും 10ന് ജില്ലാ ജാഗ്രതാ സമിതിയുടെ യോഗം ചേരും. യോഗങ്ങളിൽ ലഭിച്ച പരാതികളില്‍ നടപടിയെടുക്കും. പരാതികൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നേരിട്ട് അറിയിക്കാവുന്നതാണ്.









0 comments