ബൈക്കിന് തകരാർ, ഹോണ്ട കമ്പനി 1.16 ലക്ഷം രൂപയും പലിശയും നല്‍കണം

തൃശൂര്‍
ഹോണ്ട ബൈക്കിന് തകരാർ ആരോപിച്ച് നല്‍കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി പുറപ്പെടുവിച്ച് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍. ചെറുതുരുത്തി പുത്തൻപീടികയിൽ വീട്ടിൽ പി കെ അബ്ദുൾ മാലിക് നല്‍കിയ ഹർജിയില്‍ ഹോണ്ട മോട്ടോർ സൈക്കിൾസ് ആന്‍ഡ് സ്കൂട്ടേർസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് വാഹന വിലയായ 81,826 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഹർജിനല്‍കിയ ദിവസംമുതല്‍ ഒമ്പതുശതമാനം പലിശയും നൽകാനാണ് കമീഷന്‍ ഉത്തരവിട്ടത്. അബ്ദുൾ മാലിക് ഹോണ്ട കമ്പനിയുടെ ബൈക്ക് വാങ്ങി ഉപയോഗിച്ചുവരവെ വാഹനത്തിന് ഓയിൽ ലീക്ക് അനുഭവപ്പെടുകയായിരുന്നു. പല തവണ തകരാർ ആവർത്തിച്ചപ്പോൾ പരാതിപ്പെട്ടിട്ടും മതിയായ പരിഹാരം ലഭിച്ചില്ല. തുടർന്നാണ് ഹര്‍ജി നല്‍കിയത്. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരാണ് നഷ്‌ട പരിഹാരത്തിന് ഉത്തരവിട്ടത്. ഹർജിക്കാരന് വേണ്ടി എ ഡി ബെന്നി ഹാജരായി.









0 comments