കോൺഗ്രസ് ഭരണത്തിൽ തുടർച്ചയായ നഷ്ടം
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് 45 കോടി നഷ്ടത്തിൽ

സ്വന്തം ലേഖകൻ
തൃശൂർ
റിസർവ് ബാങ്ക് നടപടി നേരിട്ട കോൺഗ്രസ് ഭരണസമിതിയിലുള്ള ഇരിങ്ങാലക്കുട ടൗൺ അർബൻ കോ–ഓപ്പറേറ്റീവ് സഹകരണ ബാങ്ക് മൂന്നുവർഷം തുടർച്ചയായി നഷ്ടത്തിൽ. ഇൗ വർഷം 45 കോടിയാണ് നഷ്ടം. നിലവിൽ 10 ശാഖകൾ നഷ്ടത്തിലാണ്. ഇതാണ് ആർബിഐയുടെ കടുത്ത നടപടിക്ക് വിധേയമായത്. ഇരിങ്ങാലക്കുട ഹെഡ് ഓഫീസും ജില്ലയിലാകെ 18 ശാഖകളിലായി ബാങ്കിന് 35,000-ത്തോളം നിക്ഷേപകരുണ്ട്. കെപിസിസി സെക്രട്ടറി എം പി ജാക്സനാണ് 39 വർഷമായി ബാങ്ക് ചെയർമാൻ. ദീർഘകാലമായി തുടരുന്ന നേതൃത്വം സ്വാർഥ താൽപ്പര്യങ്ങൾക്കായി ബാങ്കിനെ വിനിയോഗിച്ചതായാണ് കണ്ടെത്തൽ. അർബൻ ബാങ്കായതിനാൽ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. 1000 കോടിയിൽ കൂടുതൽ നിക്ഷേപമുള്ളതിനാലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 365 കോടിയുടെ നിഷ്ക്രിയ ആസ്തികളുണ്ട്. വായ്പാ കുടിശ്ശിക ഇനത്തിൽ ബാങ്കിന് 195 കാേടി ലഭിക്കാനുണ്ട്. വഴിവിട്ട വായ്പകൾ നൽകിയതാണ് ഇതിന് വഴിവച്ചതെന്ന് റിസർവ് ബാങ്ക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാങ്ക് പരിധിക്കപ്പുറത്ത് വായ്പകൾ നൽകി. കൃത്യമായ ഇൗടില്ലാതെയാണ് ഭൂമി പണയം വച്ച് വായ്പകൾ നൽകിയത്. തിരിച്ചടവില്ലാതായതോടെ ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആവശ്യമില്ലാതെ ഗ്രാമങ്ങളിൽ പോലും ബ്രാഞ്ചുകൾ തുറന്നു. നിയമനങ്ങൾ നടത്തി ലക്ഷങ്ങൾ കൈപ്പറ്റുകയായിരുന്നു ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. പല ബ്രാഞ്ച് കെട്ടിടങ്ങൾക്കും വൻവാടകയാണ്. ഭരണസമിതി അംഗങ്ങൾക്ക് തൽപ്പര്യമുള്ളവരെ താൽക്കാലിക ജീവനക്കാരായി നിയമിച്ചു. ഇതെല്ലാം നഷ്ടം വർധിപ്പിക്കാൻ ഇടവരുത്തി. ഭരണസമിതിയുമായി നിരന്തരം ആർബിഐ അധികൃതർ ബന്ധപ്പെട്ടിട്ടും തിരുത്തൽ നടപടി ഉണ്ടായില്ല. ഇതോടെയാണ് കടുത്തനടപടികളിലേക്ക് കടന്നത്. ബാങ്കിന്റെ നിക്ഷേപങ്ങളും വായ്പകളും ആറുമാസത്തേക്ക് ആർബിഐ മരവിപ്പിച്ചു. ബാങ്ക് എടിഎം, ഓൺലൈൻ ആപ് എന്നിവയുടെ പ്രവർത്തനവും മരവിപ്പിച്ചു. നിക്ഷേപകർക്ക് പരമാവധി 10000 രൂപ വരെയാണ് പിൻവലിക്കാനാവുക. സ്ഥിരം നിക്ഷേപകർക്ക് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് ലഭിക്കുക. ബാങ്കിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. വെള്ളിയാഴ്ച ബാങ്ക് ബ്രാഞ്ചുകളിൽ നിക്ഷേപകർ തടിച്ചുകൂടിയിരുന്നു. നിക്ഷേപം തിരികെ ലഭിക്കാതായതോടെ ബഹളമായി.









0 comments