‘കലുങ്കി’ൽ തലയിടിച്ച് ബിജെപി

...
avatar
കെ എൻ സനിൽ

Published on Sep 20, 2025, 12:32 AM | 1 min read

തൃശൂർ

ബഹുജന സന്പർക്കപരിപാടിയെന്നപേരിൽ സുരേഷ്‌ ഗോപി നടത്തുന്ന കലുങ്ക്‌ സംവാദത്തിൽ വെട്ടിലായി ബിജെപി. മാസങ്ങളോളം മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കാതെ വിവാദത്തിലായ സുരേഷ്‌ഗോപി പ്രതിഛായ മെച്ചപ്പെടുത്താൻ ആരംഭിച്ച കലുങ്കുസംവാദം എന്നപേരിലുള്ള പ്രചാരണനാടകങ്ങൾ ബിജെപിക്കുള്ളിൽ വലിയ വിള്ളലിന്‌ വഴിവച്ചിരിക്കുകയാണ്‌. ഫ്യൂഡൽ കാലത്തെ നാട്ടുകൂട്ടങ്ങളെ അനുസ്‌മരിപ്പിക്കുംവിധമുള്ള കലുങ്ക്‌ വർത്തമാനം പാർടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന വിമർശമാണ്‌ ബിജെപിക്കുള്ളിൽ. കൂടിയിരിപ്പിനെത്തുന്നവരെയും വോട്ടർമാരെയും പരിഹസിച്ചും പ്രകോപിപ്പിച്ചുമുള്ള സ്ഥലം എംപിയുടെ അതിരുവിട്ട സംസാര ശൈലിക്ക്‌ മറുപടി പറയാനാവാത്ത അവസ്ഥയിലാണ്‌ നേതൃത്വം. കലുങ്ക്‌സംവാദം തുടങ്ങിയതുമുതൽ എല്ലാദിവസവും വിവാദപരമായ പരാമർശങ്ങളാണ്‌ കേന്ദ്രമന്ത്രിയിൽനിന്നുണ്ടായത്‌. ആദ്യദിവസം നാട്ടിക മണ്ഡലത്തിലെ പുള്ളിൽ വീടിന്‌ അപേക്ഷയുമായി വന്ന കൊച്ചുവേലായുധൻ എന്ന വയോധികനെ അധിക്ഷേപിച്ചായിരുന്നു തുടക്കം. നിവേദനം വാങ്ങലൊന്നും തന്റെ പണിയല്ല എന്നായിരുന്നു വീരസ്യം പറച്ചിൽ. പിന്നീട്‌ ഇരിങ്ങാലക്കുടയിലെ കണ്ടാരൻ തറയിൽ നടന്ന പരിപാടിയിൽ പ്രായമായ സ്‌ത്രീയോട്‌ ‘എന്റെ നെഞ്ചത്തോട്ട്‌ കയറിക്കോ’ എന്നു പറഞ്ഞ്‌ തട്ടിക്കയറിയതും കൊടുങ്ങല്ലൂരിൽ നടന്ന കൂടിയിരിപ്പിൽ കൊടുങ്ങല്ലൂരിൽ എലവേറ്റഡ്‌ ഹൈവേയോ അടിപ്പാതയോ വരാൻ പോകുന്നില്ലെന്ന്‌ പറഞ്ഞതും ബിജെപിക്ക്‌ തിരിച്ചടിയായി. കൊടുങ്ങല്ലൂരിൽ എലവേറ്റഡ്‌ ഹൈവേയ്‌ക്കുവേണ്ടി താൻ ഇടപെട്ടതായി സുരേഷ്‌ ഗോപി അവകാശപ്പെട്ടിരുന്നു. സുരേഷ്‌ഗോപിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയും കൂടിക്കാഴ്‌ച നടത്തുന്ന ചിത്രങ്ങളും സഹിയം ബിജെപി നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞ്‌ സ്ഥലം എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ ഗോപിയുടെ മലക്കം മറിച്ചിൽ പാർടിയെ വെട്ടിലാക്കി. സുരേഷ്‌ ഗോപി ഒറ്റയാൻ പ്രകടനം നടത്തുന്നുവെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പാർടിക്കകത്ത്‌ വിമർശമുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home