കാർഷിക വികസനത്തിൽ ശ്രദ്ധയൂന്നി ജില്ലാ പഞ്ചായത്ത്
കർഷകക്ഷേമത്തിന് ചെലവിട്ടത്17.13 കോടി

കെ എൻ സനിൽ
Published on Nov 05, 2025, 12:15 AM | 1 min read
തൃശൂർ
ജില്ലയിലെ കാർഷികോൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജില്ലാ പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടത്തിയത് മികച്ച ഇടപെടൽ. കർഷകക്ഷേമം ഉറപ്പുവരുത്തുന്നതിന് അഞ്ചുവർഷത്തിനിടെ ചെലവഴിച്ചത് 17.13 കോടി രൂപ. ഇതിൽ മുന്തിയ പരിഗണന നൽകിയത് നെൽകർഷകർക്ക്. നെൽകൃഷി മേഖലയിൽ കൂലിച്ചെലവ് സബ്‌സിഡിയായി 90,618,782 രൂപയാണ് ചെലവഴിച്ചത്. കോൾപ്പാടങ്ങൾ ഉൾപ്പെടെ പ്രധാന നെൽക്കൃഷി മേഖലയായ തൃശൂരിൽ നെൽകൃഷിക്കും ഇടവിള കൃഷിക്കും പ്രോത്സാഹനമാണ് ഇൗ സഹായം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ ഫാമുകളുടെ പ്രവർത്തനത്തിന് 1.35 കോടി രൂപയും കേരകർഷകർക്ക് തെങ്ങിൻ തൈ വിതരണത്തിന് അഞ്ചുലക്ഷം രൂപയുമാണ് അനുവദിച്ചത്. കോൾപ്പാടങ്ങളിലും ഇതര പാടശേഖരങ്ങളിൽ ജലസേചന പ്രവർത്തനങ്ങൾക്കും രണ്ടരക്കോടി രൂപ അനുവദിച്ചു. ഫാമുകളുടെ ഓഫീസ് കെട്ടിട നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും 2.20 കോടിയും അനുവദിച്ചു. ജില്ലാപഞ്ചായത്തിനുകീഴിലെ ഫാമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കർഷകർക്ക് നടീൽ വസ്‌തുക്കൾ ലഭ്യമാക്കുന്നതിനും 23 ലക്ഷവും പോളി ഹൗസുകൾ റെയിൻ ഹാർവെസ്‌റ്റിങ് സിസ്‌റ്റം, സീഡ് സ്റ്റോർ നിർമാണം എന്നിവയ്‌ക്ക് 60 ലക്ഷവും ഫാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 80 ലക്ഷം രൂപയും ചെലവഴിച്ചു. സീഡ് ഫാമിലെ വിത്തുവിപണനത്തിന് കേന്ദ്രങ്ങൾ നിർമിക്കാൻ 18 ലക്ഷംരൂപയും കോടശേരി സീഷ് ഫാമിൽ തൊഴുത്ത്, ചാണകക്കുഴി, ബയോഗ്യാസ് പ്ലാന്റ് എന്നിവ നിർമിക്കുന്നതിന് എട്ടുലക്ഷം രുപയും മത്സ്യവും ആടും വളർത്തുന്നതിന് എട്ടുലക്ഷം രൂപയും അനുവദിച്ചു. പാണഞ്ചേരി സീഡ് ഫാമിൽ ആടുവളർത്തൽ കേന്ദ്രത്തിന് 7.5 ലക്ഷവും മണ്ണുത്തി സീഡ്‌ഫാമിൽ ആട്, കോഴി വളർത്തലിന് 10 ലക്ഷവും നടവരന്പ് സീഡ് ഫാമിൽ മത്സ്യകൃഷി വിപുലീകരണത്തിന് 12 ലക്ഷം രൂപയും ചെലവഴിച്ചു. വിവിധ പാടശേഖര സമിതികൾക്ക് മോട്ടോർ ഷെഡ് നിർമിക്കുന്നതിന് 53 ലക്ഷം രൂപയും അനുവദിച്ചു.









0 comments