ദേശീയ താള വാദ്യോത്സവത്തിന് ഉജ്വല തുടക്കം

തൃശൂർ : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ താള വാദ്യോത്സവത്തിന് തൃശൂരിൽ ഉജ്വല തുടക്കം. പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഇടയ്‌ക്ക വിസ്‌മയത്തോടെയാണ് മൂന്നുദിവസത്തെ ഉത്സവത്തിന് തുടക്കമായത്. ‘തത്തിനതകത്തോം’ എന്ന താളവാദ്യോത്സവം 13വരെ സംഗീത നാടക അക്കാദമിയുടെ മൂന്നുവേദികളിലായാണ് നടക്കുക. ദിവസവും സെമിനാറുകളും സോദാഹരണ പ്രഭാഷണങ്ങളും കലാ അവതരണങ്ങളും നടക്കും. താള വാദ്യ പദ്ധതികൾ അവതരിപ്പിക്കുക എന്നതിനപ്പുറം അരികുവൽക്കരിക്കപ്പെട്ടവരുടെയും സ്‌ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും അവതരണങ്ങൾ ഉത്സവത്തിന് പുതിയ മാനം നൽകുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ വാദ്യോത്സവം തബലമാന്ത്രികനായ ഉസ്താദ് സാക്കീർ ഹുസൈനാണ് സമർപ്പിച്ചിരിക്കുന്നത്. മേളപ്പദം, മിഴാവിൽ ഇരട്ടത്തായമ്പക, ശിങ്കാരിമേളം, ദേശതാളങ്ങൾ, ഗോത്ര വാദ്യകലാ അവതരണങ്ങൾ, മുട്ടും വിളിയും എന്നിവ ആദ്യ ദിവസം പകലിനെ താളനിബദ്ധമാക്കി. ഉദ്‌ഘാടനാനന്തരം രാത്രി തപ്പാട്ടം, കർതാൾ, കൊമ്പുപറ്റ് എന്നിവ അരങ്ങേറി. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ‘ആദ്യാക്ഷരങ്ങൾ’ എന്നപേരിൽ ചെണ്ടയിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിക്കുന്ന പുളിമുട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താളശിൽപ്പവും ഉസ്‌താദ് സാക്കിർ ഹുസൈനെക്കുറിച്ചുള്ള ഹ്രസ്വചിത്രവും അരങ്ങേറി. ശനി രാവിലെ ഒമ്പതിന് ആക്ടർ മുരളി തിയറ്ററിൽ തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറും. ബ്ലാക്‌ബോക്‌സിൽ രാവിലെ 10.40ന് സോദാഹരണ പ്രഭാഷണങ്ങൾ നടക്കും. കെ ടി മുഹമ്മദ് തിയറ്ററിൽ പകൽ 2.30ന് ‘പെൺകാലങ്ങൾ’ എന്ന പേരിൽ വനിതാ കലാകാരരുടെ വിവിധ അവതരണങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് ആക്ടർ മുരളി തിയറ്ററിൽ ബാൻഡ് വാദ്യം, ആറിന് ബ്ലാക് ബോക്‌സിൽ മദ്ദളം, 6.30 പരിഷ വാദ്യം, ഏഴിന് താളവും കുട്ടികളും എന്നിവ അരങ്ങിലെത്തും. രാത്രി 7.45ന് സുകന്യ രാംഗോപാലും സംഘവും ഘടതരംഗം അവതരിപ്പിക്കും.
തപ്പിൽ താളമിട്ട് തുടക്കം

തൃശൂർ : തമിഴ്നാട്ടിലെ വാദ്യോപകരണമായ ‘തപ്പി’ൽ താളമിട്ട് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി താള വാദ്യോത്സവം ഉദ്‌ഘാടനം ചെയ്‌തു. ബി കെ ഹരിനാരായണൻ ഉസ്താദ് സാക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. റീജണൽ തിയറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി നിർവാഹക സമിതിയംഗം ടി ആർ അജയൻ അധ്യക്ഷനായി. സെക്രട്ടറി കരിവെള്ളൂർ മുരളി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ കേളി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിസ്‌മയം ഈ ഇടയ്‌ക്ക

ആവേശം പടർത്തി മിഴാവിൽ ഇരട്ടത്തായമ്പക വാദ്യപ്രേമികളെ ആനന്ദത്തിന്റെ ആവേശത്തിലാറാടിച്ച് മിഴാവിൽ ഇരട്ടത്തായമ്പക. താളത്തിന്റെ പാരമ്പര്യവും പുതുമയും ഒരുമിച്ച് പകർന്ന വ്യത്യസ്തമായ ശ്രവ്യാനുഭവമായി മിഴാവിൽ തായമ്പക. ചെണ്ടയിൽ കൊട്ടുന്ന തായമ്പകയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മിഴാവിൽ രൂപകൽപ്പന ചെയ്തതാണ് മിഴാവിൽ ഇരട്ടത്തായമ്പക. കലാമണ്ഡലം രാജീവും കലാമണ്ഡലം വിനീഷും സംഘവുമാണ് മിഴാവിൽ ഇരട്ടത്തായമ്പക അവതരിപ്പിച്ചത്. കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം ടി എസ് രാഹുൽ എന്നിവർ മിഴാവിലും ആനന്ദപുരം സജീവൻ, പുതുക്കാട് പ്രസാദ് എന്നിവർ താളവും ആനന്ദപുരം ഗോപു, ആനന്ദപുരം രാജു എന്നിവർ വലന്തലയും അവതരിപ്പിച്ചു.
ശ്രവ്യ പ്രപഞ്ചമായി മേളപ്പദം

ദേശീയ താളവാദ്യോത്സവം വേദിയിൽ കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മേളപ്പദം കലാസ്വാദകർക്ക് ഹൃദയതാളമായി മാറി. കഥകളിക്ക് പശ്ചാത്തലമേളമൊരുക്കുന്ന ഗീതവാദ്യഘടകങ്ങളെല്ലാം ചേർന്നൊരുക്കുന്ന ഒരു സ്വതന്ത്രവാദ്യപദ്ധതിയാണ് മേളപ്പദം. വായ്‌പ്പാട്ടുകാർ പാടിത്തിമിർത്തശേഷം ചെണ്ടയും മദ്ദളവും നയിക്കുന്ന മേളപ്പദത്തിൽ സംഗീതം താളത്തിനു വഴിമാറിയ മനോഹരമായ ശ്രവ്യപ്രപഞ്ചം കാണികൾക്ക് അനുഭവവേദ്യമായി. മേളപ്പദത്തിൽ കോട്ടയ്ക്കൽ മധുവും നെടുമ്പിള്ളി രാംമോഹനുമാണ് വായ്‌പ്പാട്ട് അവതരിപ്പിച്ചത്. ചെണ്ട കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം രവിശങ്കർ എന്നിവരും മദ്ദളം കോട്ടയ്‌ക്കൽ രവിയും സദനം ഭരതരാജനുമാണ് വായിച്ചത്.








0 comments