നിർമാണത്തിന് തുടക്കം
പുത്തൂർ സൂവോളജിക്കൽ പാർക്കിൽ ഡിയർ സഫാരി പാർക്കും

ഒല്ലൂർ
പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ പെറ്റ് സൂവിന്റെയും വെർച്വൽ സൂവിന്റെയും നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സുവോളജിക്കൽ പാർക്കിലെ ഡിയർ സഫാരി പാർക്കിന്റെ നിർമാണോദ്ഘാടന ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെറ്റ് സൂ ആരംഭിക്കുന്നതിന് ധാരണയായി. കുട്ടികൾക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാധ്യതയാണ് ഇവിടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൂവിൽ വരുന്ന കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൂർണമായിട്ടുള്ള സഹായത്തോടെ മൃഗങ്ങളെ കെട്ടിപ്പിടിക്കാനും നാല് തരത്തിലുള്ള രാജ്യങ്ങളിലെ സഫാരി സൂ അനുഭവങ്ങൾ വെർച്വലായി കുറഞ്ഞ സ്ഥലത്തുനിന്ന് കാണാനും പറ്റുന്ന പ്രത്യേക സംവിധാനമാണ് വെർച്വൽ സൂവിൽ ഒരുക്കുന്നത്. അവർക്ക് യാത്ര ചെയ്യാനും ഇഷ്ടമുള്ള മൃഗങ്ങളെ തൊട്ടുനിന്ന് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും 45 മിനിറ്റോളം യാത്ര തോന്നിക്കും വിധത്തിലുള്ള വെർച്വൽ സൂ ഒരുക്കാനുള്ള സൗകര്യങ്ങൾ 15ന് നേരിട്ട് പരിശോധിക്കുമെന്നും ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. മറ്റു മൃഗശാലകളിൽ നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതും പാർക്ക് ശുചീകരണവും മാത്രമാണ് ബാക്കിയായിട്ടുള്ളത്. കർണാടകയിൽനിന്നും 246 തരം മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിന് നടപടികൾ അവസാന ഘട്ടത്തിലാണ്. വിദേശത്തുനിന്ന് അഞ്ച് തരത്തിലുള്ള പക്ഷികളെ കൊണ്ടുവരുന്നതിനുള്ള നടപടികളുമായും മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൂവോളജിക്കൽ പാർക്ക് ഓറിയന്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി മുഖ്യാതിഥിയായി. സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ ആടലരശൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്‌കുമാർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് ബാബു, പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ നളിനി വിശ്വംഭരൻ, പി എസ് സജിത്ത്, ലിബി വർഗീസ്, സുജിത അർജുനൻ തുടങ്ങിയവർ സംസാരിച്ചു.








0 comments