പീഡനശ്രമം: പ്രതിക്ക് 8 വർഷം കഠിനതടവ്

സജിൽ
തൃശൂർ
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിനതടവും പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ അഴീക്കോട് സുനാമി കോളനി സ്വദേശിയായ തയ്യിൽ സജിലിനെ (23)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആയ ജയ പ്രഭു ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് സംഭവം. വോളിബോൾ പ്രാക്ടീസിനായി വീട്ടിൽനിന്നിറങ്ങിയ പതിമൂന്നുകാരിയെ പ്രതി വാഹനത്തിൽ കടത്തിക്കൊണ്ടു പോയി അഴീക്കോട് ബീച്ചിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെയും 25 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. സൈബർ, ഫോറൻസിക് തെളിവുകളും ഹാജരാക്കി. വിവിധ വകുപ്പുകളിലായി പ്രതിക്ക് 8 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിച്ചു. പിഴത്തുക മുഴുവൻ ഇരയായ പെൺകുട്ടിക്ക് നൽകാൻ വിധിയിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, അഡ്വ. പി ആർ ശിവ എന്നിവർ ഹാജരായി.









0 comments