ഇന്ന് ലോക ചക്ക ദിനം
ചക്കയുണ്ടോ ബിരിയാണിയാക്കാം

സി എ പ്രേമചന്ദ്രൻ
Published on Jul 04, 2025, 12:12 AM | 1 min read
തൃശൂർ
ചക്ക പഴയ ചക്കയല്ല, കാലം തെളിഞ്ഞപ്പോൾ ചക്ക ബിരിയാണിയും നൂഡിൽസുമെല്ലാമായി ന്യൂജൻ സ്‌റ്റെലിലാണ്. ചക്ക മാത്രമല്ല, ചക്കക്കുരു കാപ്പിപ്പൊടിയാവും പായസ മിക്‌സും. ചകിണി മിക്‌സ്‌ചറാക്കി കറുമുറെ കഴിക്കാം. ചക്കമടൽ മസാല മിക്‌സാവും. ചക്കപ്പൊടികൊണ്ട് പുട്ടും ചപ്പാത്തിയും മധുരമുറൂം കേക്കുമുണ്ടാക്കാം. പഴുത്ത ചക്കകൊണ്ട് ഐസ്‌ക്രീം, ഹൽവ, കാൻഡി തുടങ്ങിയവയും സ്‌ക്വാഷും സിറപ്പും ഉൽപ്പാദിപ്പിക്കും. തൃശൂർ ജില്ലയിൽ പാണഞ്ചേരി സഹകരണ ബാങ്കിന്റെ കീഴിലുള്ള പീച്ചി അഗ്രി ഇൻഡസ്‌ട്രിയൽ പാർക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രോസസിങ് സെന്ററിൽ ചക്ക എത്തിയാൽ രൂപവും ഭാവവും രുചിയും മാറും. ഇവിടെനിന്ന് 50–-ൽപരം ചക്ക ഉൽപ്പന്നങ്ങളാണ് പുറത്തിറക്കുന്നത്. ചക്കച്ചുളപ്പൊടി, സൂപ്പുപൊടി, കുക്കീസ്, ഗുലാബ് ജാം, മൈസൂർപാവ്, ബിരിയാണി മിക്‌സ്‌ചർ, കാന്താരി, അച്ചാർ, ചക്ക ചകിണി മിക്‌സ്‌ചർ, ചക്കമടൽ മസാല അച്ചാർ, ചക്കക്കുരു ചുക്കുണ്ട, ചമന്തിപ്പൊടി, ചക്കപ്പഴം ഹണി, സോസ്, ചട്ട്‌ണി എന്നിവയെല്ലാം ഉൽപ്പാദിപ്പിക്കുന്നു. ചക്കപ്പഴം പാനീയങ്ങളായ ജെൽഡ്രിങ്ക്, സ്‌ക്വാഷ്, സിറപ്പ്, കോള, ജ്യൂസ് പൗഡർ, വൈൻ, വിനാഗിരി എന്നിവയും ഉൽപ്പാദിപ്പി’ക്കുന്നു. പുറമെ മറ്റു കാർഷിക വിളകളുടെ മൂല്യ വർധിത ഉൽപ്പന്നങ്ങളും തയ്യാറാക്കുന്നുണ്ട്. ഇവ ‘ജൈത്രി എന്ന ബ്രാൻഡിൽ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നുണ്ട്. പട്ടിക്കാട്, പീച്ചി മേഖലകളിലെ കൃഷിക്കാരിൽ നിന്നാണ് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്. അതിനാൽ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കും. 25–-ഓളം സ്‌ത്രീകൾക്ക് തൊഴിലുമുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് കണ്ട് പഠിക്കാനും പരിശീലനത്തിനും അവസരം നൽകുന്നതായി പ്രോജക്ട് ടെക്‌നിക്കൽ അഡ്വൈസർ ഡോ. പി ബി പുഷ്‌പ ലത പറഞ്ഞു. വിളകൾ കൊണ്ടുവന്നാൽ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി തിരിച്ചു കൊണ്ടുപോവാനും സൗകര്യമുണ്ട്. സി പി വില്ല്യംസ് പ്രസിഡന്റായ എൽഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കേരള ബാങ്ക് വഴി നബാർഡ് അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഫണ്ടുൾപ്പെടെ അഞ്ചു കോടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.









0 comments