കെഎസ്‌ആർടിസി ബസ് ടൂറിസ്‌റ്റ് ഹോം കവാടം ഇടിച്ചു തകർത്തു

തൃശൂർ
കെഎസ്ആർടിസി സ്‌റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് ടൂറിസ്‌റ്റ് ഹോം കവാടം ഇടിച്ചു തകർത്തു. ഇന്നോവ കാറിൽ ഇടിച്ച ശേഷമാണ് ഹോട്ടലിന് മുന്നിലേക്ക് നീങ്ങിയത്. ഇന്നോവ കാർ സമീപത്തെ രണ്ട് സ്‌കൂട്ടറുകളിലും ഇടിച്ചു. വെള്ളി രാത്രി എട്ടോടെയാണ് അപകടം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന. ബസ് സ്‌റ്റാൻഡിൽനിന്നും ചെട്ടിയങ്ങാടി ഭാഗത്തേക്ക് തിരിയുകയായിരുന്ന ബസ്, നേരെ എതിർവശത്തുള്ള ആരാധന ടൂറിസ്‌റ്റ് ഹോമിനു മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഇന്നോവ കാറിൽ ഇടിച്ചത്. കാറിൽ തൊടുപൂഴ സ്വദേശികളായ കുടുംബമാണ് സഞ്ചരിച്ചിരുന്നത്. ബസ് ഇടിച്ചതോടെ കാർ ലോഡ്‌ജിനു മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറുകളിൽ ഇടിച്ചു. അപകടം നടക്കുന്ന സമയത്ത് റോഡിൽ നിരവധി കാൽനടയാത്രക്കാർ ഉണ്ടായിരുന്നെങ്കിലും, ബസ് പാഞ്ഞുവരുന്നത് കണ്ട് പലരും ഓടിമാറിയതുകൊണ്ടാണ് ദുരന്തം ഒഴിവായത്. ബൈക്ക് യാത്രികരായ തൃശൂർ സ്വദേശികളായ രമേശ്, സജിത്ത് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇരുവരും കേബിൾ ടിവി ഓപ്പറേറ്റർമാരാണ്. കേബിൾ വാങ്ങാനായി മാർക്കറ്റിലേക്ക് പോവുകയായിരുന്നു. ബസ് പാഞ്ഞുവരുന്നത് കണ്ട് ഇവർ ബൈക്കിൽനിന്ന് ചാടി മാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കടയടച്ച് തന്റെ ബൈക്ക് എടുക്കാനെത്തിയ ആരാധന ഫർണിച്ചേഴ്സിലെ ജീവനക്കാരൻ അജിത്തും ബസ് പാഞ്ഞുവരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. അജിത്തിന്റെ ബൈക്ക് ബസിനടിയിൽപ്പെട്ട് തകർന്നു. കാറിനും ബസിനും കേടുപാടുകളുണ്ട്. പൊലീസ് എത്തി വാഹനം നീക്കി ഗതാഗതം സാധാരണ നിലയിലാക്കി.









0 comments