പ്രൊഫ. എം മുരളീധരൻ സ്മാരക നാടകോത്സവം നാളെ തുടങ്ങും

തൃശൂർ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ. എം മുരളീധരൻ സ്മാരക നാടകോത്സവം തിങ്കളാഴ്‌ച തുടങ്ങും. റീജണൽ തിയറ്ററിൽ വൈകിട്ട് അഞ്ചിന് സജിത മഠത്തിൽ ഉദ്‌ഘാടനം ചെയ്യും. നാടകോത്സവത്തിന്റെ സമാപന സമ്മേളനം ബുധന്‍ വൈകിട്ട് 5-.30ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യും. നാടകാവതരണങ്ങൾക്ക് പുറമെ, നാടക വർത്തമാനം, നാടൻപാട്ടുകൾ, അനുസ്‌മരണം എന്നിവയും നടക്കും. തിങ്കൾ വൈകിട്ട് ആറിന് സ്കൂൾ ഓഫ് ഡ്രാമയിലെ കലിക്കറ്റ് സര്‍വകലാശാല ലിറ്റിൽ തിയറ്റർ അവതരിപ്പിക്കുന്ന ‘തമാശ' അരങ്ങിലെത്തും. സാദത്ത് ഹസൻ മന്റോയുടെ രചനയെ ആസ്‌പദമാക്കി നീലം മാൻസിങ് ചൗധരിയാണ് സംവിധാനം. ചൊവ്വ വൈകിട്ട് ആറിന് പാലക്കാട് ശേഖരീപുരം ഗ്രന്ഥശാലയുമായി സഹകരിച്ച് ആത്മത ‘വൺ ട്വന്റി ഫോർ' എന്ന നാടകം അവതരിപ്പിക്കും. വി ഷിനിലാലിന്റെ നോവലിനെ ആസ്പദമാക്കി കെ വി സജിത്താണ് നാടകം സംവിധാനം ചെയ്‌തത്. ബുധൻ വൈകിട്ട് ആറിന് കർണാടകയിലെ നിർദി ഗന്ധയുടെ സഹകരണത്തോടെ കേരളത്തിലെ ലിറ്റിൽ എർത്ത് തിയറ്റർ ‘കുഹു' നാടകം അവതരിപ്പിക്കും. അരുൺ ലാലാണ് രചനയും സംവിധാനവും.









0 comments