ഉയരും ... 20 വര്‍ണക്കൂടാരംകൂടി

വര്‍ണക്കൂടാരം
ജിബിന സാഗരന്
Published on Apr 17, 2025, 12:36 AM | 1 min read
തൃശൂർ
പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ 20 സ്കൂളുകളിൽ അനുവദിച്ച വർണക്കൂടാരത്തിന്റെ നിർമാണം അടുത്തയാഴ്ച ആരംഭിക്കും. അന്തിമ പദ്ധതി രൂപീകരണം പൂർത്തിയായി. രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാകും. ഭിന്നശേഷി, പരിസ്ഥിതി സൗഹൃദമായാണ് നിർമാണം. സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസിന്റെ (ടീച്ചിങ് ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) മാതൃകാ പദ്ധതിയാണിത്. ശിശുസൗഹൃദ ഫർണിച്ചറുകൾ, കളിക്കാനുള്ള ഉപകരണങ്ങൾ, ആകർഷക ചുവർച്ചിത്രങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരിക –- മാനസിക വികാസത്തിന് ആവശ്യമായതെല്ലാം വർണക്കൂടാരത്തിലുണ്ടാകും. വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഭാഷാ വികാസ ഇടം, ഗണിതയിടം, വരയിടം, കലാപ്രകടനങ്ങൾക്കുള്ള കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമാണയിടം, കരകൗശലയിടം, ഇ–- ഇടം, അകത്തും പുറത്തുമുള്ള കളിയിടം എന്നിവയും വർണക്കൂടാരത്തിന്റെ ഭാഗമാണ്. വർണക്കൂടാരമൊരുക്കാൻ ഓരോ സ്കൂളിനും പത്തുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. തുക സ്കൂളുകൾക്ക് രണ്ടുമാസം മുമ്പ് കൈമാറി. അന്തിമ പദ്ധതി രൂപീകരണം പൂർത്തിയായെന്ന് സമഗ്രശിക്ഷ കേരളം ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. എൻ ജെ ബിനോയ് പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിൽ അംഗീകാരമുള്ള 146 പ്രീ പ്രൈമറി സ്കൂളുകളിൽ 128 എണ്ണത്തിലും വർണക്കൂടാരം നിലവിൽവരും. പുത്തൻപീടിക ജിഎൽപിഎസ്, അമ്മാടം ജിഎൽപിഎസ്, ചെമ്പൂച്ചിറ ജിഎച്ച്എസ്എസ്, അണ്ടത്തോട് ജിഎംഎൽപിഎസ്, ചെറുകുന്ന് ജിഎൽപിഎസ്, അന്തിക്കാട് ജിഎൽപിഎസ്, പാർളിക്കാട് ജിയുപിഎസ്, മച്ചാട് വിഎൻഎംഎം ജിഎൽപിഎസ്, ഈരാറ്റുപുഴ ജിഎൽപിഎസ്, പാപ്പിനിവട്ടം ജിഎൽപിഎസ്, ആമണ്ടൂർ ജിഎൽപിഎസ്, കൊടുങ്ങല്ലൂർ എൽപിഎസ്ജിഎച്ച്എസ്, കുറുമ്പിലാവ് ജിഎൽപിഎസ്, പെരിങ്ങോട്ടുകര ജിഎച്ച്എസ് (എൽപി), വടക്കാഞ്ചേരി ബോയ്സ് ജിഎൽപിഎസ്, മണലൂർ ജിഎൽപിഎസ്, പനംകുറ്റിച്ചിറ ജിയുപിഎസ്, കൊടുങ്ങല്ലൂർ ടൗൺ ജിഎൽപിഎസ്, നോർത്ത് പുത്തൻചിറ ജിഎൽപിഎസ്, പുത്തൻചിറ സൗത്ത് ജിഎൽപിഎസ് എന്നീ സ്കൂളുകളിലാണ് വർണക്കൂടാരം ഉയരുന്നത്.









0 comments