10 കോടി രൂപയുടെ ഭരണാനുമതി
ഒല്ലൂരിൽ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎംബിസിയാക്കും: മന്ത്രി

ഒല്ലൂർ
നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. 2025-–-26 ബജറ്റിൽ പ്രഖ്യാപിച്ച 20 ശതമാനം തുക വകയിരുത്തിയ വർക്കുകൾക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഒല്ലൂർ ടൗൺ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നതിനായി 2.75 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഒല്ലൂർ പള്ളിക്കു ചുറ്റുമുള്ള റിങ് റോഡുകളാണ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്നത്. നടത്തറ വിമ്പിൽ ഭഗവതി ക്ഷേത്രം വഴി എരവിമംഗലം പുത്തൂർ കാലടിക്ക് പ്രവേശിക്കാവുന്ന വിധത്തിലുള്ള 3.600 കി. മീ. ദൂരത്തിലുള്ള മൈനർ റോഡ് ബിഎം ബിസി നിലവാരത്തിൽ പുനർനിർമിക്കാൻ 3.25 കോടി രൂപയുടെ ഭരണാനുമതി, പുത്തൂർ നടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുത്തൂർ - കൈനൂർ മുണ്ടോളികടവ് - മൂർക്കനിക്കര റോഡ് 2 കി.മീ ദൂരത്തിൽ ബിഎം ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിന് 4 കോടി രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. മണ്ഡലത്തിലെ പ്രധാന റോഡുകളായ പുത്തൂർ സുവോളജിക്കൽ പാർക്ക് റോഡ്, പീച്ചി വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായ മുടിക്കോട് പൊങ്ങണംകാട് - കരുമത്ര റോഡുകൾ, നടത്തറ - മൂർക്കനിക്കര - കണ്ണാറ റോഡ് എന്നിവ ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഒല്ലൂർ സൗത്ത് അഞ്ചേരി റോഡ് ബിഎംബിസി നിലവാരത്തിൽ 2.85 കി.മീ ദൂരത്തിൽ പുനർനിർമിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. കുണ്ടുകാട് - –-കട്ടിലപ്പൂവം -–- പാണ്ടിപറമ്പ് റോഡ്, പൂച്ചട്ടി - –-എരവിമംഗലം -–- മരത്താക്കര, ചിയാരം –-കോൺവെന്റ് റോഡ്, കൂർക്കഞ്ചേരി–- - ചിയാരം റോഡ്, മണ്ണുത്തി –-- ഒല്ലൂര്‍ - എടക്കുന്നി റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. മാന്ദാമംഗലം–- - മരോട്ടിച്ചാൽ–- - വല്ലൂർ- ചിമ്മിനിഡാം റോഡ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഉടൻ ആരംഭിക്കും. ഡ്രൈനേജ് അടക്കമുള്ള സൗകര്യങ്ങളോടെ ആധുനിക നിലവാരത്തിൽ ഈ റോഡുകൾ കൂടി പൂർത്തിയാകുന്നതോടെ ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ മണ്ഡലമായി ഒല്ലൂർ മാറുമെന്നും മന്ത്രി അറിയിച്ചു.









0 comments