മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി കടൽമാക്രികൾ

കടൽ മാക്രി
തൃപ്രയാർ
കടൽ മാക്രികൾ (കടൽവള) മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. മത്സ്യത്തൊഴിലാളികളുടെ വലകൾ കടിച്ച് നശിപ്പിച്ച് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. മൺസൂൺ തുടങ്ങിയ ശേഷമാണ് വലിയതോതിൽ കടൽമാക്രികളുടെ ശല്യം ഉണ്ടാവുന്നത്. ഇതു മൂലം മീൻപിടിത്തം പ്രതിസന്ധിയിലാണ്. പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികൾക്കാണ് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തീരക്കടൽ മുതൽ 15 നോട്ടിക്കൽ മൈൽ വരെ കടലിൽ വല ഇടാൻ കഴിയാത്ത അവസ്ഥയാണ്. കടൽമാക്രികൾ മൂർച്ചയുള്ള പല്ല് ഉപയോഗിച്ച് കൂട്ടമായി വല കടിച്ചുമുറിക്കുകയാണ്. വലയിൽ കുടുങ്ങിയ മീൻ പോലും കരയിലേക്ക് എത്തിക്കാൻ കഴിയാതെ കടലിൽ നഷ്ടമാകുന്ന അവസ്ഥയാണ്. ഇതോടെ മൺസൂൺ സീസണിൽ ലഭിക്കേണ്ട മീൻ തൊഴിലാളികൾക്ക് ഉപകാരപ്പെടാതെ പോവുകയാണ്. കാണുമ്പോൾ വലിപ്പം കുറവാണെങ്കിലും കടൽതവളകളുടെ ആക്രമണം ശക്തമാണ്. മീനുകളെ ഭക്ഷിക്കാനായി വരുന്ന ഈ ജീവികൾ വല നശിപ്പിക്കുകയാണ്. കടൽപ്പന്നി എന്നതിന് പുറമെ വിവിധ പ്രദേശങ്ങളിൽ കടൽ പൂച്ച, കടൽ പേത്ത എന്ന പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളാണ് കടൽമാക്രികൾ വർധിക്കുന്നതിനു കാരണം. വീർത്ത് വലുതാകുന്ന ശരീരപ്രകൃതമുള്ളതും ശരീരത്തിലാകെ മുള്ളുകളുമുള്ളവയാണ് കടൽമാക്രി. വലിയ മൂർച്ചയുള്ള പല്ലും മുള്ളുമാണ് ഇവയുടെ ആയുധം. ഇവർ കൂട്ടത്തോടെ വലയിൽ അകപ്പെട്ടാൽ വല മുഴുവനായും നശിക്കും. ഇന്ധനച്ചെലവുൾപ്പെടെ 30000 രൂപയോളം രൂപ ദിവസം മത്സ്യ ബന്ധനത്തിന് ചെലവുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കടൽമാക്രി ആക്രമണവും വന്നതോടെ കൂടുതൽ ദുരിതത്തിലാവുകയാണ്.









0 comments