പാലിയേക്കരയിൽ ടോൾപിരിവ്‌
 തുടങ്ങി; പണി നിർത്തി

.

ദേശീയപാത ചിറങ്ങരയിൽ നിർമാണ പ്രവർത്തനങ്ങൾ നിലച്ച നിലച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 23, 2025, 12:12 AM | 1 min read


തൃശൂർ

പാലിയേക്കരയിൽ ടോൾ പിരിവ്‌ പുനരാരംഭിച്ചതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച്‌ ദേശീയപാത അതോറിറ്റി. നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുമെന്ന കേന്ദ്ര സർക്കാർ ഉറപ്പിൻമേലാണ്‌ ടോള്‍പിരിവ് തുടങ്ങാൻ കോടതി അനുമതി നൽകിയത്‌. ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ടോൾ പിരിക്കാൻ തുടങ്ങിയതോടെ നിർമാണം നിർത്തിവച്ച്‌ ജനങ്ങളെ ദ്രോഹിക്കുകയാണ്‌ നിർമാണ കന്പനി. കൂടുതൽ ജീവനക്കാരെ എത്തിച്ച്‌ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാമെന്നാണ്‌ ദേശീയപാത അധികൃതർ പറഞ്ഞിരുന്നത്‌. ​ചിറങ്ങരയിലും മുരിങ്ങൂരിലും നിർമാണം പൂർണമായും നിലച്ചു. മറ്റിടങ്ങളിൽ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്‌. മഴയുടെ പേരുപറഞ്ഞാണ് നിര്‍മാണം നിര്‍ത്തിയത്. എന്നാല്‍ ടോള്‍പിരിവിന് തടസ്സം നീങ്ങുന്നതുവരെ മഴയിലും നിര്‍മാണം നടന്നിരുന്നു. മഴയിലും ചെയ്യാൻ കഴിയുന്ന യന്ത്രം ഉപയോഗിച്ച് ചെയ്യേണ്ട ജോലികള്‍പോലും ചെയ്യാൻ കമ്പനി തയാറായിട്ടില്ല. ഡിസംബറിൽ നിർമാണം പൂർത്തിയാക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാൽ നിർമാണപ്രവൃത്തികൾ 50ശതമാനം പോലുമായിട്ടില്ല. വാഹനങ്ങള്‍ക്ക് അടിപ്പാതയുടെ മുകളിലെത്താന്‍ നിര്‍മിക്കുന്ന അനുബന്ധറോഡിന്റെ നിര്‍മാണം ചിറങ്ങരയിൽ പാതിവഴിയിലാണ്‌. ഇതിൽ നിറയ്ക്കാനുള്ള മണ്ണ്‌ പോലും എത്തിയിട്ടില്ല. മണ്ണ് നിറയ്ക്കുന്നതിനായി വശങ്ങളിൽ ഉറപ്പിക്കേണ്ട കോണ്‍ക്രീറ്റ് പാളികൾ സ്ഥാപിക്കലും പൂര്‍ത്തിയായിട്ടില്ല. പണി നടക്കുന്നില്ലെങ്കിലും ഗതാഗത നിയന്ത്രണം മൂലം വലിയ കുരുക്കാണുണ്ടാകുന്നത്‌. ​വീണ്ടും തകർന്ന്‌ 
സർവീസ്‌ റോഡ്‌ ചാലക്കുടി നിർമാണം നടക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾ കടത്തി വിടുന്ന സർവീസ്‌ റോഡുകൾ വീണ്ടും തകർന്നു. പൊങ്ങം മുതൽ ചിറങ്കര വരെയുള്ള ഭാഗത്തെ സ്ലാബുകളാണ്‌ തകർന്നത്‌. കാനകള്‍ക്ക് മുകളിലെ സ്ലാബുകള്‍ തകരുന്നതും വാഹനങ്ങള്‍ കുഴിയില്‍പ്പെടുന്നതും അപകടമുണ്ടാകുകയാണ്‌. ഇത്‌ ഗതാഗതക്കുരുക്ക്‌ കൂടുതൽ രൂക്ഷമാക്കി. ഗുണനിലവാരമില്ലാത്ത സ്ലാബുകൾ സ്ഥാപിച്ചതാണ്‌ സ്ഥിതി മോശമാക്കിയത്‌. ചെറിയ കമ്പികളിട്ട സ്ലാബുകള്‍ക്ക് മുകളിലൂടെ ഇരുചക്ര വാഹനങ്ങള്‍ കടന്നാല്‍ പോലും തകരുന്ന അവസ്ഥയാണ്. മുരിങ്ങൂർ ഭാഗത്ത്‌ റോഡിൽ മഴവെള്ളം നിറഞ്ഞതോടെ ഒഴുക്കി വിടുന്നതിനായി സ്ലാബുകൾ തുറന്നു. ജീവനക്കാരില്ലാത്തതിനാൽ ഇത്‌ തിരിച്ച്‌ സ്ഥാപിക്കാത്തത്‌ യാത്ര തടസ്സപ്പെടുത്തുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home