കലാമണ്ഡലത്തിൽ ഊരുഭംഗം നാടകാവതരണം

ശാസ്ത്രീയ കലകളെ സമന്വയിപ്പിച്ച് കേരള കലാമണ്ഡലം പുതുതായി നിർമിച്ച ഊരുഭംഗം ഭാസ നാടകത്തിന്റെ അവതരണത്തിൽനിന്ന്
ചെറുതുരുത്തി
കേരള കലാമണ്ഡലം നിർമിച്ച ഊരുഭംഗത്തിന്റെ ആദ്യ അവതരണം കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. ശാസ്ത്രീയ കലകളായ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയുടെയും ആയോധനകലകളായ മയൂർഭഞ്ജ് ചൗ , കളരിപ്പയറ്റ് എന്നിവയുടെ ചലന സാധ്യതകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ ഭാസ നാടകമാണ് ഊരുഭംഗം. അത്യാധുനിക രീതിയിൽ ദൃശ്യ ശബ്ദ വിസ്മയമായി ഫിസിക്കൽ തിയറ്റർ അവതരണ രീതിയിലാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. നൃത്ത സംവിധായകൻ ഭരത് ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങളുടെ ശരീര സാധ്യതകൾ ഉപയോഗിച്ച് പുതിയ ആഖ്യാനശൈലിയിൽ അവതരണങ്ങളെ എങ്ങനെ ചിട്ടപ്പെടുത്താം എന്നുള്ള അന്വേഷണമാണ് ഊരുഭംഗത്തിൽ എത്തിയതെന്ന് സംവിധായകൻ പറഞ്ഞു. ഭാസന്റെ സംസ്കൃത നാടകമായ ഊരുഭംഗം മഹാഭാരതത്തിലെ ക്ലാസിക് വില്ലനായ ദുര്യോധനനെ ഒരു ദുരന്ത നായകനായി പുനർ സങ്കൽപ്പിക്കുന്ന നാടകമാണ്. കൗരവരും പാണ്ഡവരും തമ്മിലുള്ള ക്രൂരമായ യുദ്ധത്തെ സൈനികർ വിവരിക്കുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. തുടർന്ന് യുദ്ധത്തിന്റെ എല്ലാ ദുരാനുഭവങ്ങളും നാടകത്തിന്റെ ദൈന്യതകളും എടുത്തുപറയുന്നു. കലാമണ്ഡലത്തിലെ അധ്യാപകരായ പ്രദീപ് കുമാർ, ഹരി നാരായണൻ, മുകുന്ദൻ, ഹരി ആർ നായർ, സംഗീത പ്രസാദ്, രേവതി വയലാർ, ലതിക, രജിത രവി , തുളസി കുമാർ എന്നിവരാണ് അരങ്ങിലെത്തിയത്.









0 comments