വര്‍ണക്കൂടാരമൊരുങ്ങും 20 സ്കൂളില്‍ക്കൂടി

വർണക്കൂടാരം

അരിമ്പൂര്‍ ജിയുപിഎസിലെ വര്‍ണക്കൂടാരത്തില്‍ നിന്ന്

avatar
ജിബിന സാ​ഗരന്‍

Published on Feb 13, 2025, 12:28 AM | 1 min read

തൃശൂർ

ജില്ലയിൽ അടുത്ത അധ്യയന വർഷം മുതൽ 20 സ്കൂളുകളിൽക്കൂടി വർണക്കൂടാരം വരുന്നു. പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സമ​ഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസിന്റെ (ടീച്ചിങ് ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) മാതൃകാ പദ്ധതിയാണ് വർണക്കൂടാരം. ശിശുസൗഹൃദ ഫർണിച്ചറുകൾ, കളിക്കാനുള്ള ഉപകരണങ്ങൾ, ആകർഷക ചുവർച്ചിത്രങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരിക –- മാനസിക വികാസത്തിന് ആവശ്യമായതെല്ലാം വർണക്കൂടാരത്തിലുണ്ടാകും. വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഭാഷാ വികാസ ഇടം, ഗണിതയിടം, വരയിടം, കലാപ്രകടനങ്ങൾക്കുള്ള കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമാണയിടം, കരകൗശലയിടം, ഇ–- ഇടം, അകത്തും പുറത്തുമുള്ള കളിയിടം എന്നിവ ഉൾക്കൊള്ളുന്നതാണ് വർണക്കൂടാരം. ഭിന്നശേഷി, പരിസ്ഥിതി സൗഹൃദമെന്ന പ്രത്യേകതയും ഇതിനുണ്ട്. വർണക്കൂടാരമൊരുക്കാൻ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ഓരോ സ്കൂളിനും പത്തുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഈ തുക സ്കൂളുകൾക്ക് കൈമാറിയെന്ന് സമ​ഗ്രശിക്ഷ കേരളം ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. എൻ ജെ ബിനോയ് പറഞ്ഞു. ഇതോടെ ജില്ലയിൽ അം​ഗീകാരമുള്ള 146 പ്രീ പ്രൈമറി സ്കൂളുകളിൽ 128 എണ്ണത്തിലും വർണക്കൂടാരം നിലവിൽവരും. പുത്തൻപീടിക ജിഎൽപിഎസ്, അമ്മാടം ജിഎൽപിഎസ്, ചെമ്പൂച്ചിറ ജിഎച്ച്എസ്എസ്, അണ്ടത്തോട് ജിഎംഎൽപിഎസ്, ചെറുകുന്ന് ജിഎൽപിഎസ്, അന്തിക്കാട് ജിഎൽപിഎസ്, പാർളിക്കാട് ജിയുപിഎസ്, മച്ചാട് വിഎൻഎംഎം ജിഎൽപിഎസ്, ഈരാറ്റുപുഴ ജിഎൽപിഎസ്, പാപ്പിനിവട്ടം ജിഎൽപിഎസ്, ആമണ്ടൂർ ജിഎൽപിഎസ്, കൊടുങ്ങല്ലൂർ എൽപിഎസ്ജിഎച്ച്എസ്, കുറുമ്പിലാവ് ജിഎൽപിഎസ്, പെരിങ്ങോട്ടുകര ജിഎച്ച്എസ് (എൽപി), വടക്കാഞ്ചേരി ബോയ്സ് ജിഎൽപിഎസ്, മണലൂർ ജിഎൽപിഎസ്, പനംകുറ്റിച്ചിറ ജിയുപിഎസ്, കൊടുങ്ങല്ലൂർ ടൗൺ ജിഎൽപിഎസ്, നോർത്ത് പുത്തൻചിറ ജിഎൽപിഎസ്, പുത്തൻചിറ സൗത്ത്‌ ജിഎൽപിഎസ്‌ എന്നീ സ്കൂളുകളിലാണ് വർണക്കൂടാരം അനുവദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home