ഭണ്ഡാരത്തിന് സ്വന്തം താഴിട്ട് മോഷ്ടാക്കൾ
പണത്തിന് ആവശ്യമുള്ളപ്പോൾ മോഷണം

വരന്തരപ്പിള്ളി
ക്ഷേത്ര ഭണ്ഡാരത്തിന് സ്വന്തമായി താഴിട്ട ശേഷം പണം ആവശ്യമുള്ളപ്പോൾ തുറന്നെടുത്ത് മോഷ്ടാക്കൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് മോഷണത്തിന് പുതുരീതി മോഷ്ടാക്കൾ പരീക്ഷിച്ചത്. ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് സമീപത്തും നാലമ്പലത്തിനകത്ത് ശ്രീകോവിലിന് സമീപത്തുമുള്ള ഭണ്ഡാരങ്ങളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഭണ്ഡാരത്തിന്റെ താഴ്പൊളിച്ചുമാറ്റിയ മോഷ്ടാക്കൾ അവരുടെ താഴുകൊണ്ട് ഭണ്ഡാരം പൂട്ടിപഴയപടി പട്ടുതുണികൊണ്ട് പൊതിഞ്ഞു കെട്ടിവയ്ക്കുകയായിരുന്നു. തുടർന്ന് മോഷ്ടാക്കൾ പലപ്പോഴായി സ്വന്തം താക്കോൽ ഉപയോഗിച്ച് പൂട്ട് തുറന്ന് പണം കൊണ്ടുപോയതാകാമെന്നാണ് നിഗമനം. നാലരമാസത്തിന് ശേഷം ഭണ്ഡാരങ്ങൾ തുറക്കാനെത്തിയ ദേവസ്വം അധികൃതരാണ് മോഷണവിവരം അറിയുന്നത്. പൂട്ട് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂട്ട് മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പൂട്ട് പൊട്ടിച്ച അധികൃതർ ഭണ്ഡാരത്തിന്റെ അകത്ത് കുറച്ച് ചില്ലറ പൈസ മാത്രമാണ് കണ്ടത്. ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപെട്ടതായി കണക്കാക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തിരുവഞ്ചിക്കുളം ഗ്രൂപ്പ് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ജൂൺ 20നാണ് അവസാനമായി ഭണ്ഡാരങ്ങൾ തുറന്നത്. ഇതിനുശേഷം രാമായണമാസാചരണം, ഓണം, നവരാത്രി ആഘോഷം, തൊട്ടടുത്ത രാമപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹം എന്നിവ നടന്നിരുന്നു. ഇക്കാലയളവിൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. കഴിഞ്ഞദിവസം ദേവസ്വം അസി. കമീഷണർ എം ആർ മിനി, ദേവസ്വം ഓഫീസർ പി കെ അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭണ്ഡാരം തുറക്കാൻ എത്തിയത്. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ 200 രൂപയോളം ഉണ്ടായിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ദേവസ്വം സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത എന്നിവര്‍ സ്ഥലത്തെത്തി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments