വി ഡി സതീശനെതിരായ വിമർശം
സുന്ദരൻ കുന്നത്തുള്ളിക്ക് കാരണംകാണിക്കൽ നോട്ടീസ്

തൃശൂർ
ഐഎൻടിയുസി ജനറൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരസ്യ വിമർശം നടത്തിയ സുന്ദരൻ കുന്നത്തുള്ളിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കെപിസിസി. ഇതിനു മുന്നോടിയായി ഐടിയുസി ജില്ലാ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സുന്ദരന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഐഎൻടിയുസി ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതിനെ വിമർശിച്ചതിനാണ് നടപടി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ പ്രതിഷേധത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാതെ സതീശൻ മടങ്ങുകയായിരുന്നു. ഐഎൻടിയുസി ചടങ്ങിലേക്ക് ഡിസിസി പ്രസിഡന്റിനെ ക്ഷണിക്കാത്തതാണ് തർക്കത്തിനിടയാക്കിയത്. ‘തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ’ എന്ന് പറഞ്ഞാണ് സതീശന്റെ നടപടിയെ സുന്ദരൻ കുന്നത്തുള്ളി വിമർശിച്ചത്. ‘തൊഴിലാളി പ്രശ്‌നങ്ങൾ കേൾക്കാനെത്തുന്ന നേതാക്കളെ മുടക്കുന്നത്, പാർടിക്ക് എത്ര ഗുണം ചെയ്യുമെന്ന് കരുണാകരൻ സപ്‌തതി മന്ദിരത്തിൽ ഇരിക്കുന്ന ഡിസിസി പ്രസിഡന്റ് ഓർക്കുന്നത് നല്ലതാണെന്നായിരുന്നു സുന്ദരൻ കുന്നത്തുള്ളിയുടെ വിമർശം. ഒല്ലൂരിൽ മെയ്‌ദിന റാലിക്ക് ടാജറ്റിനെ ക്ഷണിച്ചിരുന്നെങ്കിലും ഉദ്‌ഘാടകനാക്കിയില്ലെന്ന് പറഞ്ഞ് പങ്കെടുത്തില്ല. രമേശ് ചെന്നിത്തല പങ്കെടുത്ത ഐഎൻടിയുസി സമ്പൂർണ സമ്മേളനത്തിൽ ഫോട്ടോവച്ചില്ലെന്ന പേരിൽ ടാജറ്റ് പങ്കെടുത്തിരുന്നില്ലെന്നും വിമർശം ഉയർന്നിരുന്നു. 14ന് ടൗൺഹാളിലായിരുന്നു ഐൻടിയുസി ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ കൗൺസിലും എം മാധവൻ അനുസ്‌മരണവും സംഘടിപ്പിച്ചത്.









0 comments