നാലമ്പല തീർഥാടനത്തിന് തൃപ്രയാർ ശ്രീരാമ ക്ഷേത്രം ഒരുങ്ങുന്നു

തൃപ്രയാർ
രാമായണ മാസാചരണ ഭാഗമായുള്ള നാലമ്പല തീർഥാടനത്തിന് തൃപ്രയാർ ശ്രീരാമ ക്ഷേത്രം ഒരുങ്ങുന്നു. വിശ്വാസികൾക്ക് വരിനിൽക്കാൻ പന്തലും ബാരിക്കേടുകളും സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. 5000 പേർക്ക് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലും 4000 പേർക്ക് പുറത്തും വരിനിൽക്കുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വടക്കെ നടയിൽ ഫ്ലൈ ഓവറും ഉണ്ടാകും. പടിഞ്ഞാറെ നടയിൽ ഗോപുരം വരെ താൽക്കാലിക പന്തലൊരുക്കി ബാരിക്കേടുകൾ സ്ഥാപിച്ചു വരികയാണ്. വരി നിൽക്കുമ്പോൾ ഇരിക്കാനുള്ള സൗകര്യവും വഴിപാട് ശീട്ടാക്കുവാനുള്ള അവസരവും ഒരുക്കുന്നുണ്ട്. സിസിടിവി കാമറകൾ സ്ഥാപിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കർക്കടകം ഒന്നായ ചൊവ്വാഴ്‌ച പുലർച്ചെ മുതൽ പ്രവർത്തനസജ്ജമാകും. കുടിവെള്ളം ലഭ്യമാക്കും. ഡോക്ടർ, നഴ്സ് എന്നിവരുടെ സഹായം ലഭ്യമാക്കും. മരുന്നുകളും ലഭിക്കും. ആംബുലൻസ് സൗകര്യം ഉൾപ്പെടെ സജ്ജമാക്കുന്നതോടൊപ്പം പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെ സഹായവും ലഭ്യമാക്കും. പോളി ജങ്‌ഷന് വടക്ക് സ്റ്റോക്ക് പുര ഗ്രൗണ്ട്, കംഫർട്ട്സ്റ്റേഷൻ ഗ്രൗണ്ട്, സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം. ശ്രീരാമ -ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം നടത്തി തിരികെ തൃപ്രയാറിലെത്തിയാൽ നാലമ്പലം യാത്ര പൂർത്തിയായി എന്നാണ് വിശ്വാസികൾ കരുതുന്നത്.









0 comments