ഷോളയാർ അണക്കെട്ട്​ ഇന്ന്​ തുറക്കും

...
വെബ് ഡെസ്ക്

Published on Jul 26, 2025, 12:21 AM | 1 min read

തൃശൂർ

ഷോളയാർ അണക്കെട്ടിൽ ജലനിരപ്പ് 2660.80 അടിയായതിനാൽ ജലനിരപ്പ്​ ക്രമീകരിക്കുന്നതിനായി തുറക്കാൻ തീരുമാനം​. ശനി പകൽ ആവശ്യമായ മുന്നറിയിപ്പോടെ അണക്കെട്ട്​ ഘട്ടം ഘട്ടമായി തുറക്കും. ആദ്യം ഒരു റേഡിയൽഗേറ്റ്​ 0.50 അടി തുറന്ന്​ 12.34 ​ക്യുമെക്‌സ് വെള്ളം പുറത്തേക്ക്​ ഒഴുക്കും. തുടർന്ന്​ ജല നിരപ്പ്​ 2663 അടിയായി നിയന്ത്രിക്കുന്നതുവരെ 100 ക്യുമെക്‌സ് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. ഷോളയാർ അണക്കെട്ട്​ തുറക്കുന്നതുമൂലം പെരിങ്ങൽക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പ്പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. ചാലക്കുടിപ്പുഴയിൽ മീൻ പിടിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഒരുക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷോളയാർ അണക്കെട്ട്​ തുറക്കുന്നതിനാൽ പെരിങ്ങൽക്കുത്തിലും പരമാവധി ജലനിരപ്പിലേക്ക്​ എത്താൻ സാധ്യതയുണ്ട്​. ഇതിനുള്ള മുൻകരുതൽ നടപടിയായി പെരിങ്ങൽക്കുത്ത്​ അണക്കെട്ടും തുറന്ന്​ വെള്ളത്തിന്റെ അളവ്​ ക്രമീകരിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home