കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി

വാണിയമ്പാറ
കുതിരാൻ ഇരുമ്പുപാലം ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ചൊവ്വ രാത്രി ഒന്നോടെയാണ് കുതിരാൻ ക്ഷേത്രത്തിന് സമീപം ഒറ്റയാനെ കണ്ടത്. മൂന്ന് മണിയോടെയാണ് ആന കാട്ടിലേയ്ക്ക് തിരികെ കയറിയത്. കുതിരാനിൽ കുങ്കിയാനകൾ എത്തിയതിന് ശേഷം ആദ്യമായാണ് ഇപ്പോൾ കാട്ടാന എത്തിയത്. ജനവാസ മേഖലയിൽ എത്തിയ ഒറ്റയാനെ മയക്കുവെടി വച്ച് പിടികൂടുന്നത് പ്രായോഗികമല്ലന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. ആദ്യം കാട്ടാനയെ നിരീക്ഷിച്ച് അതിന്റെ സഞ്ചാരപഥം മനസ്സിലാക്കണം. അതിനുശേഷം മാത്രമേ കാട്ടിൽ കയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ. കുതിരാനിലെ ഒറ്റയാൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ പീച്ചി വനമേഖലയിലേയ്ക്ക് കയറ്റിവിടാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച വൈകിട്ട് പീച്ചിയിൽ ഉന്നതതല യോഗം ചേർന്നു. ആനയെ തുരത്തുന്നതിനുള്ള കർമപരിപാടിക്ക് യോഗം രൂപം നൽകി.









0 comments