ഹാപ്പി പുലികളി!

പുലികളിയിൽ നിന്ന്
ജിബിന സാഗരന്‍
Published on Sep 09, 2025, 01:00 AM | 1 min read
തൃശൂര്‍ ""
പുലികളി ഈസ് ലിറ്ററലി ഇന്‍സെയ്ന്‍ ലൈക്ക്– ദീസ് കളേഴ്സ്, ദിസ് എനര്‍ജി? ഐ കാന്റ് ഇവന്‍! ഇറ്റ്സ് ഗിവിങ് ടോട്ടല്‍ ഫെസ്റ്റിവല്‍ വൈബ്സ്, ഐ ആം ഒബ്സെസ്സഡ് (പുലികളി ശരിക്കും അമ്പരപ്പുണ്ടാക്കുന്നതാണ്! ഈ നിറങ്ങളും ഈ ഉത്സാഹവും എല്ലാം ചേര്‍ന്ന് ഉത്സവലഹരിയാണ്. ഞാന്‍ ശരിക്കും ഇതിലകപ്പെട്ടുപോയി!)'' പുലികളിക്ക് മുമ്പേ, പുലി വരയും പുലികളെയും കാണാന്‍ കുട്ടന്‍കുളങ്ങര പുലിമടയിലെത്തിയ ഫ്ലോറിഡക്കാരി ബോണിയുടെ വാക്കുകളാണിവ. പുലികളിയെക്കുറിച്ചും കളിക്കാരുടെ ഊര്‍ജത്തെക്കുറിച്ചും അവര്‍ വാചാലയായി. പുലികളി കാണും മുമ്പേ, പുലികളി മൂഡില്‍ പൂര്‍ണമായും താനകപ്പെട്ടുപോയെന്ന് ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. പുലികളി കാണുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബോണി ഫ്ലോറിഡയില്‍ നിന്ന് കേരളത്തിലേക്കെത്തിയത്. ബോണി ഓസ്ട്രേലിയക്കാരന്‍ സുഹൃത്തുമായാണ് തൃശൂരിലേക്ക് വരാനിരുന്നത്. എന്നാല്‍, ജോലിത്തിരക്കായതോടെ സുഹൃത്തിന് വരാന്‍ കഴിഞ്ഞില്ല. പുലികളി കാണണമെന്ന അതിയായ ആഗ്രഹത്താല്‍ ബോണി തനിച്ച് കേരളത്തിലേക്ക് വിമാനം കയറി. കൊച്ചിയില്‍ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് തൃശൂരിലെത്തുന്നത്. ഇതോടെ ഒരു മോഹംകൂടി ബോണിക്കുള്ളില്‍ കയറിക്കൂടി. തൃശൂര്‍ പൂരം കാണണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂരം കാണാനെത്തുമെന്നും അവര്‍ പറഞ്ഞു. ഓരോരോ സംശയങ്ങള്‍ ചോദിച്ച് നിറപുഞ്ചിരിയോടെ പുലിവേഷം ധരിച്ച് പുലിമുഖവുമേന്തി ബോണി അടുത്തെത്തിയപ്പോള്‍ ഒഴുക്കന്‍ ഇംഗ്ലീഷിലും മുറി ഇംഗ്ലീഷിലും പുലികള്‍ മറുപടി പറഞ്ഞു. ഉത്സവലഹരിക്ക് മുന്നില്‍ ഭാഷ പ്രശ്നമേയല്ലെന്ന് ബോണിയും പുലികളും തെളിയിച്ചു. പുലികള്‍ക്കും സംഘാടകര്‍ക്കും "ഹാപ്പി പുലികളി' ആശംസിച്ചാണ് ബോണി മടയില്‍നിന്നിറങ്ങിയത്.









0 comments