വഴിനടച്ചിറ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കും

ഒല്ലൂർ
മരോട്ടിച്ചാൽ പുളിഞ്ചോട് റോഡിലെ വഴിനടച്ചിറ മൈനർ ഇറിഗേഷൻ പാലത്തിന്റെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ മന്ത്രി കെ രാജൻ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകൾ, കിഫ്ബി, കെആർഎഫ്ബി എന്നിവയുടെ ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച വഴിനടച്ചിറ പാലം സന്ദർശിക്കാനും യോഗം തീരുമാനിച്ചു. മലയോര ഹൈവേയുടെ ഒന്നാമത്തെ റീച്ച് പട്ടിക്കാട് പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങുന്നൂർ വരെ പൂർത്തീകരിച്ചിരുന്നു. വിലങ്ങുന്നൂർ മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗത്തെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. ഇതിനുള്ള തുകയും നിശ്ചയിച്ചു. പാലം നിർമാണവുമായി ബന്ധപ്പെട്ട് 4.78 കോടി രൂപയുടെ അടങ്കൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. 12 മീറ്റർ വീതിയിൽ പുനർനിർമിക്കുന്ന പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 85 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഇരുവശങ്ങളിലും സംരക്ഷണ ഭിത്തികളും പുനർനിർമിക്കും. വിലങ്ങന്നൂർ മുതൽ പുളിഞ്ചോട് വരെയുള്ള പാത മലയോര ഹൈവേയായി പുനർനിർമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു. റോഡ് നിർമാണത്തിന് 85 ശതമാനം പേരും സ്ഥലംവിട്ടുനൽകിയിട്ടുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം വിട്ടുകിട്ടിയാൽ പാലത്തിനു മാത്രം പ്രത്യേകം ടെൻഡർ നടപടികൾ ആരംഭിക്കാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു. ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം അടിയന്തര പ്രാധാന്യത്തോടെ നൽകാൻ തയ്യാറാണെന്ന് യോഗത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വിലങ്ങന്നൂർ മുതൽ പുളിഞ്ചോട് വരെയുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. ഇവിടത്തെ സ്ഥലത്തിന്റെ വിശദാംശങ്ങൾ ഉടൻ തയ്യാറാക്കി ഭരണാനുമതിക്കും ടെൻഡറിനുമുള്ള നടപടികൾ സ്വീകരിക്കും. ഭൂമി അനുവദിക്കപ്പെട്ട മേഖലയിൽ മാത്രമായി നിർമാണ പ്രവർത്തനങ്ങൾ തൽക്കാലം നടത്താനും യോഗം തീരുമാനിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, കിഫ്ബി ജനറൽ മാനേജർ ഷൈല, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി എസ് സജിത്, അംഗങ്ങളായ ടി കെ ശ്രീനിവാസൻ, ടി എ അരോഷ് എന്നിവരും കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.









0 comments