ലൈഫ് പദ്ധതി
ജില്ലയിൽ 35,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി

തൃശൂര്‍
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 35,000 വീടുകളുടെ നിർമാണം പൂർത്തിയായതിന്റെ പ്രഖ്യാപനവും ലൈഫ് മീറ്റ് 2025ന്റെ ഉദ്ഘാടനവും മന്ത്രി കെ രാജൻ നിർവഹിച്ചു. അതിദരിദ്ര കുടുംബങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സൂചകങ്ങളെ ഇല്ലാതാക്കി അതിദാരിദ്ര്യത്തിന് വിധേയമായ ഒരു കുടുംബവും ഇല്ലെന്ന് നിയമസഭയിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞ രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യത്തിനെതിരായ സംസ്കാരമാണ് കേരളം പഠിപ്പിക്കുന്നത്. ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ ഇതിനകം 41,000ത്തിലേറെ--- വീടുകളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇതിൽ 35,000 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഏഴായിരത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി കെ രാജൻ പറഞ്ഞു. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ ഭൂമി വിട്ടുനൽകിയവരെ മന്ത്രി കെ രാജൻ ആദരിച്ചു. രണ്ട് കോടി രൂപയോളം ആസ്തിയുള്ള 18 സെന്റ് സ്ഥലം ദാനംചെയ്ത ചേറൂർ സ്വദേശി ശിവദാസൻ കളപ്പുരക്കൽ ഉൾപ്പെടെ മുപ്പതോളം പേർ ആദരം ഏറ്റുവാങ്ങി. തദ്ദേശസ്ഥാപനങ്ങൾക്ക് ലൈഫ് കാര്യക്ഷമതാ പുരസ്കാരവും ഉന്നതവിജയം കാഴ്ചവച്ച ലൈഫ് ഭവനങ്ങളിലെ താമസക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. കലക്ടര്‍ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ലൈഫ് മിഷൻ ജില്ലാ കോ– ഓർഡിനേറ്റർ വി ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നഫീസ, സെക്രട്ടറി രവി, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജുള അരുണൻ, ദീപ എസ് നായർ, പി എം അഹമ്മദ്, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ടി ജി അഭിജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് എന്നിവർ സംസാരിച്ചു. 1500 ഓളം ലൈഫ് മിഷൻ ഗുണഭോക്താക്കൾ ലൈഫ് മീറ്റിൽ പങ്കെടുത്തു.








0 comments