കുതിരാനിൽ കുങ്കിയാനകളെത്തി; ദൗത്യം ജാഗ്രതയോടെ

കുതിരാനിലെത്തിച്ച കുങ്കിയാനകൾ
സ്വന്തം ലേഖകൻ
തൃശൂർ
കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ കുങ്കിയാനകളെത്തി. കാട്ടുകൊമ്പനെ തുരത്താനുള്ള നടപടിയുടെ ഭാഗമായാണ് വനംവകുപ്പ് വയനാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിച്ചത്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെ വെള്ളി പുലർച്ചെയാണ് ഇരുമ്പുപാലത്ത് എത്തിച്ചത്. ജനവാസ മേഖലയായതിനാൽ ഏറെ ജാഗ്രതയോടെയായിരിക്കും ദൗത്യം നടത്തുക. ശനിമുതൽ ഘട്ടംഘട്ടമായി ആരംഭിക്കും. കാട്ടുകൊമ്പന്റെ ജനവാസ മേഖലയിലേക്കുള്ള വരവ് നിരീക്ഷിച്ചായിരിക്കും തുടർനടപടി. കാടിറങ്ങിയ കൊന്പൻ മദപ്പാടിലാണെണ് വനംവകുപ്പ് അധികൃതർ അറിയിച്ചു. അതിനാൽ ജാഗ്രതയോടെയേ ദൗത്യം തുടങ്ങാനാവൂ. കാട്ടാന ഇരുന്പുപാലം പഴയ റോഡിലൂടെ നീങ്ങി കുതിരാൻ ക്ഷേത്രത്തിന് സമീപമെത്തി വലതുഭാഗത്തും ഇടതുഭാഗത്തുംകൂടി വനത്തിൽ കയറി വീണ്ടും ഇരുന്പുപാലത്തിലെത്തുകയാണ് പതിവ്. കൂടുതലും രാത്രിയാണ് ഇറങ്ങുന്നത്. കുങ്കികൾ എത്തിയതോടെ ആനകളുടെ മണം തിരിച്ചറിയുന്ന കാട്ടാന പ്രദേശത്തേക്ക് ഇറങ്ങില്ല. ഡ്രോൺ ഉപയോഗിച്ച് പകൽ ആന നിൽക്കുന്ന സ്ഥലം കണ്ടെത്തിയശേഷമേ ദൗത്യം തുടങ്ങൂ. പീച്ചി വൈൽഡ് -ൈലഫ് വാർഡൻ എം കെ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുതിരാൻ തുരങ്കം നിർമിച്ചതിനുശേഷം, തുരങ്കത്തിന് മുകൾ ഭാഗത്തുകൂടി പീച്ചി വനമേഖലയിൽനിന്ന് ഏതാനും ആനകൾ വാഴാനി ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇതേത്തുടർന്ന് കുതിരാൻ ക്ഷേത്രത്തിന് പിന്നിൽ പിച്ചി വനമേഖലയിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. ഇൗ ഫെൻസിങ്ങിന്റെ ഒരു ഭാഗം തൽക്കാലം തുറന്നിട്ടുവെങ്കിലും കുതിരാനിൽ ഇറങ്ങിയ കാട്ടാന പീച്ചി ഭാഗത്തേക്ക് കടക്കുന്നില്ല. നേരത്തേ ആനയ്‌ക്ക് വൈദ്യുതി ആഘാതമേറ്റിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ കണക്കുക്കൂട്ടൽ.









0 comments