കലാമണ്ഡലത്തിൽ മൺസൂൺ ഫെസ്റ്റിന് തുടക്കം

ചെറുതുരുത്തി
കേരള കലാമണ്ഡലം വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച ‘മൺസൂൺ ഫെസ്റ്റി’ ന് കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി. 17 മുതൽ 19 വരെയാണ് ഫെസ്റ്റ്. കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി യൂണിയൻ ചെയർമാൻ അനൂജ് ജി മഹേന്ദ്ര അധ്യക്ഷനായി. സിനിമാതാരങ്ങളായ പൂജ മോഹൻരാജ് , റാനിയ റാണ എന്നിവർ മുഖ്യാതിഥികളായി. അക്കാദമിക് കോ–-ഓർഡിനേറ്റർ കലാമണ്ഡലം ഹരിനാരായണൻ , ചീഫ് വാർഡൻ ബി കെ റീന, കെ എസ് മഹേഷ് കുമാർ , എടപ്പള്ളി അജിത് കുമാർ , ഹരീഷ് മാരാർ , തുളസി കുമാർ , വേണു ശങ്കർ , അമൽ ജിത്ത് , വേണി ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് നിഖിൽ ദാസ് , രഞ്ജു കാർത്യായനി എന്നിവരുടെ നേതൃത്വത്തിൽ ഡ്രാമാ വർക്ക്ഷോപ്പ് ഉണ്ടായി. വൈകിട്ട് നിഖിൽദാസും സംഘവും അവതരിപ്പിച്ച പൊറാട്ട് നാടകവും അരങ്ങേറി. 18ന് രാവിലെ 9.30 ന് ഗുരുവായൂർ ദേവസ്വം സ്റ്റഡി സെന്റർ പ്രിൻസിപ്പൽ എം നളിൻ ബാബുവിന്റെ നേതൃത്വത്തിൽ മ്യൂറൽ പെയിന്റിങ് വർക്ക്ഷോപ്പ് നടക്കും. തുടർന്ന് വി എ അഭിഷേകിന്റെ നേതൃത്വത്തിൽ ക്ലേ വർക്ക് ഷോപ്പ്. രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് , വൈകിട്ട് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നരകാസുര വധം കഥകളി എന്നിവയും അരങ്ങേറും. 19ന് വൈകിട്ട് അഞ്ചിന് വേദപ്രകാശിന്റെ നേതൃത്വത്തിൽ ഗസൽ സന്ധ്യ, തുടർന്ന് കതിരോല ഫോക്ക് ബാന്റിന്റെ നാടൻപാട്ട്. കൂടാതെ കലാമണ്ഡലം വിദ്യാർഥികളുടെ നാടോടി നൃത്തം, കേരള നടനം, നാടൻപാട്ട് , വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറും.









0 comments